ജമ്മു: ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാൻ കേന്ദ്രീകരിച്ച ഭീകരവാദ ശൃംഖലകൾ ഇന്റർനെറ്റിലെ പുതിയ വഴികൾ തേടുന്നതായി സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. വാട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, സിഗ്നൽ തുടങ്ങിയ സാധാരണ എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകൾക്ക് പകരം അശ്ലീല, ഡേറ്റിങ് വെബ്സൈറ്റുകളിലെ റിയൽ- ടൈം ചാറ്റ് സംവിധാനങ്ങളാണ് ഭീകരരും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്ലർമാരും ഉപയോഗിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്ക് ഭീകര ശൃംഖലകൾ മാറിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ചില പ്ലാറ്റ്‌ഫോമുകൾ വിപിഎൻ വഴി ഉപയോഗിച്ച് ഡിജിറ്റൽ സാന്നിധ്യം മറയ്ക്കാനും ആശയവിനിമയം നടത്താനും ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
അശ്ലീല സൈറ്റുകളിലെ രഹസ്യ ചാറ്റ് റൂമുകൾ ഉപയോഗിച്ച് ഭീകരർ ജമ്മു കശ്മീരിലെ ഓവർഗ്രൗണ്ട് വർക്കർമാരുമായി ബന്ധപ്പെടുകയും നിർദേശങ്ങൾ കൈമാറുകയും ചെയ്യുന്നുവെന്നാണ് ഇന്റലിജൻസ് ഇൻപുട്ടുകൾ പറയന്നത്. ടോർ അധിഷ്ഠിത ആപ്ലിക്കേഷനുകളും അതീവ സ്വകാര്യത ഉറപ്പാക്കുന്ന ചില മെസേജിങ് സംവിധാനങ്ങളും ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്.
മൊബൈൽ നമ്പറോ, സിം കാർഡോ ഇല്ലാതെ അക്കൗണ്ട് സൃഷ്ടിക്കാനാകുന്ന ചില ആപ്പുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, സ്വയം ഇല്ലാതാകുന്ന സന്ദേശങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഇതുവഴി ആശയവിനിമയത്തിന്റെ ഡിജിറ്റൽ അടയാളങ്ങൾ കണ്ടെത്തുന്നത് സുരക്ഷാ ഏജൻസികൾക്ക് കൂടുതൽ ബുദ്ധിമുട്ടാകും.
കൂടാതെ, കുറഞ്ഞ വേഗതയുള്ള 2G, EDGE നെറ്റ്‌വർക്കുകളിലും പ്രവർത്തിക്കാൻ കഴിയുന്ന ചില ആപ്ലിക്കേഷനുകൾ വിദൂര പ്രദേശങ്ങളിലെ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. പരമ്പരാഗത ഭീകര ആശയവിനിമയ സംവിധാനങ്ങൾക്കെതിരെ ഇന്ത്യൻ ഏജൻസികൾ ശക്തമായ നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ പുതിയ ഡിജിറ്റൽ ശൃംഖലയെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സുരക്ഷാ വൃത്തങ്ങളുടെ വിലയിരുത്തൽ.
“പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരവാദത്തിന്റെ പുതിയ അധഃപതനമാണിത്. ഇന്റർനെറ്റിന്റെ ഇരുണ്ട ഇടങ്ങൾ ഉപയോഗിച്ച് ദുർബലരായ യുവാക്കളെ വലയിലാക്കുകയാണ്,” ഒരു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിപിഎൻ ഉപയോഗവും സംശയാസ്പദമായ ഡിജിറ്റൽ ആശയവിനിമയങ്ങളും നിരീക്ഷിക്കുന്നത് സുരക്ഷാ ഏജൻസികൾ ശക്തമാക്കിയിട്ടുണ്ട്. ഇത്തരം രഹസ്യ ഡിജിറ്റൽ ശൃംഖലകൾ കണ്ടെത്തുന്നതിനും തകർക്കുന്നതിനുമായി സാങ്കേതിക പ്രതിരോധ നടപടികളും ആരംഭിച്ചതായാണ് വിവരം.






