ടെഹ്റാൻ: പെർഷ്യൻ ഗൾഫിലെ അത്യന്തം പ്രധാനമായ കടൽപാതയായ ഹോർമുസിൽ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നു. ശനിയാഴ്ച, ഇറാൻ വീണ്ടും കടലിടുക്ക് തുറക്കാനുള്ള തീരുമാനം പിൻവലിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ, രണ്ട് ഇറാനിയൻ ഗൺബോട്ടുകൾ ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെച്ചതായി റിപ്പോർട്ട്.
ഐആർജിസിയുമായി ബന്ധപ്പെട്ട ഗൺബോട്ടുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പുറത്തുവിട്ട പ്രസ്താവനയിൽ, ടാങ്കറിനെ മുന്നറിയിപ്പില്ലാതെ സമീപിച്ച ശേഷം ഗൺബോട്ടുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തിൽ കപ്പലിനും ജീവനക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒമാന്റെ വടക്കുകിഴക്കായി ഏകദേശം 37 കിലോമീറ്റർ അകലെ ഖെഷം, ലാരക് ദ്വീപുകൾക്കിടയിലെ ജലപ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തെ തുടർന്ന് നിരവധി കപ്പലുകൾ യാത്ര നിർത്തി തിരിച്ചുപോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, കടലിടുക്ക് കടക്കാൻ ശ്രമിച്ച വ്യാപാര കപ്പലുകൾക്ക് ഇറാനിയൻ നാവികസേന റേഡിയോ സന്ദേശം നൽകി. “അമേരിക്കൻ സർക്കാരിന്റെ ചർച്ചകളിലെ പ്രതിബദ്ധതകൾ പാലിക്കാത്തതിനാൽ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണ്ണമായി അടച്ചിരിക്കുന്നു. ഏതുതരം കപ്പലുകൾക്കും കടന്നുപോകാൻ അനുമതിയില്ല,” എന്നായിരുന്നു സന്ദേശം. ഇതിനിടെ ഹോർമുസ് കടലിടുക്ക് ഇപ്പോൾ സൈനിക നിയന്ത്രണത്തിലാണെന്നും അമേരിക്ക ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള നാവിക ഉപരോധം പിൻവലിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്നും ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.
എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഇറാനുമായി ഒരു ധാരണയിലെത്തുന്നതുവരെ ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. സിൻഹുവ വാർത്താ ഏജൻസി നൽകുന്ന റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ച ഏകദേശം 10 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ചെങ്കിലും മടങ്ങിപ്പോയി.
















































