ഗുവാഹത്തി: ഓടുന്ന കാറിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ബിശ്വനാഥ് ജില്ലയിലാണ് ഹീനമായ ക്രൂരകൃത്യം നടന്നത്. വിശന്നുവലഞ്ഞ പെൺകുട്ടിയെ ആഹാരം വാങ്ങി നൽകാമെന്നു പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കാറിന്റെ ഡോർ തുറന്നപ്പോൾ പെൺകുട്ടിയെ അർധനഗ്നയായ നിലയിലാണ് കണ്ടെത്തിയത്.
ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി ബിശ്വനാഥ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി പറഞ്ഞു. പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത പൊലീസ് തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകളും പ്രതികൾക്കുമേൽ ചുമത്തിയിട്ടുണ്ട്.


















































