തിരുവനന്തപുരം: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തോ പുറത്തോ സി.പി.ഐക്ക് ബന്ധമില്ലെന്നും അത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാക്കാൻ പാർട്ടിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ പേര് പറഞ്ഞ് മുന്നോട്ടുപോകുന്നവർ ഗുരു അംഗീകരിക്കാത്ത ജാതിവാദം ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ജാതിവാദം തെറ്റാണ്. അതിനെ പിന്തുടരുന്നവരാണ് കേരളത്തിൽ അന്ധമായ ഇസ്‌ലാം വിരോധം പടർത്താൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
‘ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് മുന്നോട്ടുപോകുന്നവർ, ഗുരു ഒരിക്കലും അംഗീകരിക്കാത്ത ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ജാതിവാദത്തിന്റെ കൊടിക്കൂറ പറപ്പിക്കാൻ ശ്രമിക്കുകയാണ്. അവരുമായി കാറിനകത്തോ കാറിന് പുറത്തോ ബന്ധമുണ്ടാക്കാൻ സി.പി.ഐക്ക് താത്പര്യമുണ്ടായിട്ടില്ല. നാളെയും ഉണ്ടാകാൻ പോകുന്നില്ല’ എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
ജാതിവാദത്തെ പിന്തുടർന്നവരാണ് അന്ധമായ ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഇസ്‌ലാം വിരോധം പടർത്താനുള്ള ഇത്തരം ശ്രമങ്ങളെ സി.പി.ഐ ഒരിക്കലും വെള്ളപൂശിയിട്ടില്ലെന്നും ഭാവിയിലും അതിന് തയ്യാറാകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം, അയ്യപ്പസംഗമത്തിന്റെ പശ്ചാത്തലത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ ഒപ്പം കൂട്ടിയ സംഭവം നേരത്തെ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. വെള്ളാപ്പള്ളിയുടെ മുൻകാല മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തോടുള്ള സി.പി.എം സമീപനവും അന്ന് ചർച്ചയായിരുന്നു.
സി.പി.എമ്മും സി.പി.ഐയും തമ്മിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പുതിയ പരാമർശം. വെള്ളാപ്പള്ളിയെ നേരിട്ട് പരാമർശിക്കാതെയായിരുന്നു വിമർശനം.






