അതിരമ്പുഴ: മരണാനന്തര ചടങ്ങിനെത്തിയവർ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, പ്രകോപിതനായ യുവാവ് സഹോദര ഭാര്യയെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ 4 പേരെ കുത്തിവീഴ്ത്തി. സംഭവത്തിൽ അതിരമ്പുഴ പേമലമുകളേൽ യു.നന്ദു കുമാർ (28)നെയാണ് ഏറ്റുമാനൂർ പൊലീസ് പിടിയിലായത്. പ്രതിയുടെ സഹോദരന്റെ ഭാര്യ പേമല മുകളേൽ ഗീത ഗോപി(25), സഹോദരങ്ങളായ ഉണ്ണി (22), ധന്യ (28), അയൽവാസി വിപിൻ ബാബു(28) എന്നിവർക്കാണ് കുത്തേറ്റത്.കഴിഞ്ഞ 14ന് രാത്രി 10.30തോടെയായിരുന്നു സംഭവം.
ഗീതയുടെ പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ വീട്ടിൽ ഒന്നിച്ചു കൂടിയ ബന്ധുക്കൾ ഉച്ചത്തിൽ സംസാരിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗീതയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പ്രതി അതിക്രമിച്ച് കയറി അസഭ്യം വിളിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗീതയുടെ വയറിനാണു കുത്തേറ്റത്.
ഇത് കണ്ട് തടസ്സം പിടിക്കാൻ എത്തിയ ധന്യ, ഉണ്ണി എന്നിവരെയും കുത്തി. അയൽവാസിയായ വിപിനും കുത്തേറ്റു. സംഘർഷത്തിനിടെ പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത ഏറ്റുമാനൂർ പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നു ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.















































