പൂച്ചാക്കൽ (ആലപ്പുഴ): തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ വളപ്പിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തൈക്കാട്ടുശ്ശേരി മഠത്തിൽവെളി വീട്ടിൽ എം.ജി. അനീഷ് കുമാർ (42) ആണ് ആക്രമണത്തിനിരയായത്. ക്രിമിനൽ കേസുകളിലെ പ്രതികളായ ഏതാനും യുവാക്കളാണ് മർദനത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മർദനമേറ്റ അനീഷ് കുമാർ പരാതി നൽകാൻ തയാറാകാതിരുന്നതിനാലാണ് ആദ്യം കേസെടുക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്.
ബിവറേജസ് ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവരെ മറികടന്ന് മദ്യം വാങ്ങാൻ ചില യുവാക്കൾ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമായത്. ഇതിനെ എതിർത്ത ഒരു വയോധികനെ ആക്രമിക്കാൻ സംഘം ശ്രമിച്ചപ്പോൾ അനീഷ് കുമാർ ഇടപെട്ട് ചോദ്യം ചെയ്തു. ഇതോടെ യുവാക്കൾ അനീഷ് കുമാറിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് ആവർത്തിച്ച് അടിച്ചും മർദിച്ചും അവശനാക്കിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആക്രമണം നടക്കുന്നതിനിടെ ഭയന്നുനിന്ന ആളുകൾ ആരും ഇടപെടാൻ തയാറായില്ലെന്നും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. അനീഷ് കുമാർ ബോധരഹിതനാകുന്നതുവരെ മർദനം തുടർന്നതായും പൊലീസ് പറഞ്ഞു.
പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

















































