ലഖ്‌നൗ: വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ ഐസ് കട്ടപിടിച്ച് ശിവലിംഗത്തിന്റെ രൂപത്തിലായതിന് പിന്നാലെ ആരാധനയും പൂജയും നടത്തി നാട്ടുകാര്‍. യുപിയിലെ ആഗ്രയിലാണ് സംഭവം. ‘ശിവലിംഗ’ത്തിന് മേല്‍ ജലാഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗ്രയിലെ നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് സംഭവം. ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുടമ ഫ്രീസറിനുള്ളില്‍ പ്രത്യേക രീതിയില്‍ ഐസ് കട്ടപിടിച്ചത് ശ്രദ്ധിച്ചത്.
അമര്‍നാഥിലെ ഗുഹയിലെ മഞ്ഞു ശിവലിംഗം ഉരുകിത്തീരുകയാണെന്ന വാര്‍ത്തകള്‍ കുടുംബത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നു. ഇതോടെ, അമര്‍നാഥിലേതിന് പകരം തങ്ങളുടെ ഫ്രിഡ്ജില്‍ പ്രത്യക്ഷപ്പെടാനാണ് ദൈവം ആഗ്രഹിച്ചതെന്ന വിശ്വാസത്തിലെത്തി കുടുംബം. ഫ്രിഡ്ജില്‍ ശിവലിംഗം പ്രത്യക്ഷപ്പെട്ട കാര്യം നാട്ടിലാകെ പരന്നതോടെ കാണാനായി ആളുകള്‍ തിരക്കുകൂട്ടി. ജലാഭിഷേകം നടത്തുകയും ഫ്രിഡ്ജിനുള്ളില്‍ കാണിക്കയര്‍പ്പിക്കുകയും ചെയ്തു.
‘ഹര്‍ ഹര്‍ മഹാദേവ്’ മന്ത്രോച്ഛാരണവുമായാണ് ആളുകള്‍ കാണാനെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഐസ് ശിവലിംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. അതേസമയം, ഫ്രിഡ്ജിലെ ഐസ് കട്ടക്ക് ശിവലിംഗവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലെന്നും സാധാരണയായി സംഭവിക്കുന്നതാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.


















































