പത്ത് വർഷത്തെ വേർപിരിയലിന് ശേഷം, വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കാമനുണ്ടായ കാരണം വെളിപ്പെടുത്തി പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ. മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാൻ തീരുമാനിച്ചതെന്നും പിന്നീട് കുറച്ചുവർഷങ്ങൾക്ക് ശേഷം പരസ്പരം മിസ്സ് ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ പറഞ്ഞു.
‘ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്, അവസാനങ്ങൾ മനോഹരമായിരിക്കണം. ആദ്യകാലങ്ങളെക്കാൾ നന്നായിപ്പോകേണ്ടത് അവസാനകാലങ്ങളാണെന്ന് ആഗ്രഹിക്കാത്തവർ വിരളമാണ്. ഉയർച്ചകളും താഴ്ചകളുമില്ലാതെ ആർക്കും മുന്നോട്ടുപോകാനാകില്ല. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ദാമ്പത്യത്തിൽ ഈഗോയും വിരസതയും വന്നു, പിരിയുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്യുന്നതായിത്തോന്നി, ഞങ്ങൾ വീണ്ടും ഒന്നിച്ചു. കൂട്ട് എപ്പോഴും ആവശ്യമാണ്‘; അദ്ദേഹം പറഞ്ഞു. തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ തങ്ങൾ വീണ്ടും വിവാഹിതരാകാൻ തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്ത് എത്തിയത് മുതൽ ഇവരുടെ പുനസ്സമാഗമത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.
പ്രിയദർശൻ-അക്ഷയ് കുമാർ ടീം കൂട്ടുക്കെട്ടിൽ പിറന്ന ഭൂത്ബംഗ്ലായെന്ന ചിത്രം കോടിക്ലബ്ബിലിടം നേടിക്കഴിഞ്ഞു. തന്റെ ഹിന്ദിസിനിമാ കരിയർ തീർന്നു എന്നാണ് കുറച്ചുകാലം മുൻപുവരെ താൻ കരുതിയിരുന്നതെന്നും എന്നാൽ പുതിയ ചിത്രത്തിന്റെ വിജയം തനിക്ക് കൂടുതൽ ഊർജ്ജം പകരുന്നുവെന്നും പ്രിയദർശൻ പറയുന്നു.
‘വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം തോളോടുചേർന്നുനിന്ന് ‘വാ നമുക്കൊരു സിനിമചെയ്യാ’മെന്നു പറയുന്ന സുഹൃത്താണ് മോഹൻലാൽ, ഹിന്ദിസിനിമയിൽ എനിക്കതുപോലെ അടുപ്പമുള്ള ആളാണ് അക്ഷയ് കുമാർ. അദ്ദേഹത്തിനൊപ്പമൊരു സിനിമ കുറച്ചുകാലമായി ചർച്ചയിലുണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ട കഥകൾ അക്ഷയ്ക്കും അയാൾക്കിഷ്ടപ്പെട്ട ചിന്തകൾ എനിക്കും സ്വീകരിക്കാൻ കഴിയാഞ്ഞതിനാൽ സിനിമ നീണ്ടുപോയി. ഇടവേള അവസാനിപ്പിച്ച് വീണ്ടുമൊരു ഹിന്ദി സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതൊരു റീമേക്ക് ആകരുതെന്ന് ആദ്യമേ ഉറച്ചിരുന്നു. ഒരുപാട് കഥകൾ ചർച്ചചെയ്തു. ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്തൊരു കഥാഗതി പരീക്ഷിക്കാമെന്ന തീരുമാനമാണ് ഈ ഹൊറർ കോമഡി ത്രില്ലറിലേക്കെത്തിച്ചത്‘ – മാതൃഭൂമിയുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവച്ചു.
















































