ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് വിടുതലൈ ചിരുതൈകൾ കച്ചി. സഖ്യകക്ഷികളുടെ പിന്തുണ തേടാൻ വിജയ് നേരിട്ട് ചർച്ചകൾ നടത്തുന്നതിന് പകരം വാട്സാപ്പ് സന്ദേശമാണ് അയക്കുന്നത്. ഇത് ‘രാഷ്ട്രീയ അഹങ്കാരമാണ്’ എന്ന് വിസികെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് യുടെ ടിവികെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ പിന്തുണ തേടി രാഷ്ട്രീയ നേതാക്കൾക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്ന രീതിക്കെതിരെയാണ് വിസികെ ജനറൽ സെക്രട്ടറി ചിന്തനൈ സെൽവൻ രംഗത്തുവന്നിരിക്കുന്നത്. “പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ കത്തയച്ച ശേഷം മറുപടി ഞങ്ങളെ അറിയിക്കൂ’ എന്ന് പറയുന്നത് എന്ത് രാഷ്ട്രീയ മര്യാദയാണ്? ഗവർണറിലൂടെ ബിജെപി തമിഴ്‌നാട്ടിൽ സ്വാധീനമുറപ്പിക്കുന്നത് തടയാൻ വിജയ് നേരിട്ട് വന്ന് രാഷ്ട്രീയ നേതാക്കളെ കാണേണ്ടതായിരുന്നു,” അദ്ദേഹം ‘എക്സിൽ’ കുറിച്ചു. വിജയിച്ച വാർത്ത വന്ന നിമിഷം മുതൽ ‘രാജവാഴ്ച അവസാനിച്ച ദിവസം’ എന്നൊക്കെ പ്രഖ്യാപിച്ചത് അഹങ്കാരവും പ്രതികാര ബുദ്ധിയുമാണ്. വിജയത്തിന് ശേഷം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മനസ്സ് വിജയ് കാണിച്ചില്ലെന്നും വിസികെ പറയുന്നു.






