മാവേലിക്കര: ഒരു നാടുമുഴുവൻ കൊലയാളിയായി കണ്ടപ്പോൾ അവളെ പൊന്നുപോലെ കൊണ്ടുനടന്ന അവളുടെ പ്രിയപ്പെട്ട പാപ്പാനെ ഒരു നോക്കുകാണാൻ പാറുവെത്തി. കഴിഞ്ഞദിവസം അന്തരിച്ച വെട്ടിയാർ രാമനല്ലൂർ രാജേഷ് ഭവനത്തിൽ കൃഷ്ണൻകുട്ടിക്ക് (തമ്പി -74) അന്ത്യാഞ്ജലി അർപ്പിക്കാനാണ് വെൺമണി പാറു എന്ന ആനയെത്തിയത്. 34 വർഷം അവളെ മകളേപ്പോലെ പോലെ കൊണ്ടുനടന്ന പാപ്പാന് കണ്ണീരോടെ ആന യാത്രയയപ്പ് നൽകി. സംസ്കാര ചടങ്ങിന് എത്തിച്ച ആനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തുമ്പിക്കൈ കൊണ്ട് പൂവിട്ടു തൊഴുതു. അരമണിക്കൂറോളം ഒരേ നിൽപ് നിന്നശേഷം അവൾ തിരിഞ്ഞുനടന്നു.
34 വർഷം മുൻപ് നാട്ടുകാരുടെ പേടി സ്വപ്നമായിരുന്നു ‘തലതീനി പാറു’ എന്ന ഇരട്ടപ്പേര് ലഭിച്ച വെൺമണി പാറു. 1992ൽ പാറു കൃഷ്ണൻകുട്ടിയെ കണ്ടുമുട്ടുന്നതിനു മുൻപ് 9 പേരെ കൊന്നിട്ടുണ്ട്. എന്നാൽ കൃഷ്ണൻകുട്ടിയുടെ കൈകളിൽ അവൾ തമ്പിയാശാന്റെ പ്രിയപ്പെട്ട പാറുവായി. അവലെ നുള്ളി നോവിക്കാതെ പാറുവിനെ കൃഷ്ണൻകുട്ടി വരച്ച വരയിൽ നിർത്തി. 2020ൽ കൃഷ്ണൻകുട്ടിക്ക് അപകടത്തിൽ രണ്ടു കാലുകൾക്കും ഒടിവുണ്ടായപ്പോഴായിരുന്നു പിന്നീട് പാറു തനിസ്വഭാവം പുറത്തെടുത്തത്. കൃഷ്ണൻകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയശേഷം തൃശൂരിൽ നിന്ന് മയക്കുവെടി സംഘം എത്തി മയക്കിയശേഷമാണ് പാറുവിനെ സംഭവ സ്ഥലത്തുനിന്നും മാറ്റാനായത്.
പിന്നീട് ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രം അധികൃതർ പാറുവിനെ വിലയ്ക്കു വാങ്ങി. ഇപ്പോൾ മറ്റൊരാളാണ് പാപ്പാൻ. സംസ്കാര സമയം അന്വേഷിച്ചറിഞ്ഞ ശേഷം ലോറിയിലാണ് പാറുവിനെ ക്ഷേത്ര അധികൃതർ സംസ്കാര ചടങ്ങിന് എത്തിച്ചത്. അതേസമയം 1979ൽ ദേവസ്വം ബോർഡിൽ ലഭിച്ച ജോലി ഉപേക്ഷിച്ച് സ്വന്തം നിലയിൽ ജോലി തുടർന്ന കൃഷ്ണൻകുട്ടി 55 വർഷത്തിനിടെ ഒട്ടേറെ ആനകളുടെ പാപ്പാനായി പ്രവർത്തിച്ചിട്ടുണ്ട്.





