കടപ്ര: പെൺസുഹൃത്ത് തിരുവനന്തപുരം സ്വദേശിനി റിൻസിമോളോടൊപ്പം താമസിച്ചിട്ടും അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടും ടിജോ തോമസിനെ തള്ളിപ്പറയാതെ ഭാര്യ ബിൻസി. “ അമ്മെ അടക്കാനുള്ള ശവപ്പെട്ടി കുമ്പനാട്ടെ കടയിൽനിന്ന് തന്നെ വാങ്ങണേ..” കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസ് കൊല്ലപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ മകൻ ടിജോ തോമസിനെ കാണാൻ ഭാര്യ ബിൻസി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പറഞ്ഞ വാക്കുകളാണിത്. “നിങ്ങൾ ഇപ്പോൾ ഒരു കൊലപാതകി ആണെന്ന് അറിയാമോ..?” എന്ന ചോദ്യത്തിന് എനിക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ? എന്ന് മറുചോദ്യമാണ് ചോദിച്ചത്. പൊന്നമ്മയെ വെള്ളിയാഴ്ച സെമിത്തേരിയിലേക്ക് എടുത്തപ്പോൾ കാണാൻ ആ മകൻ എത്തിയില്ല.
കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെയുള്ള ക്രൂരതചെയ്യാൻ ടിജോയെക്കൊണ്ട് കഴിയുകയില്ലെന്നാണ് ബിൻസി വിശ്വസിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് തോമസ്, പൊന്നമ്മ ദമ്പതിമാർക്ക് പുത്രൻ പിറന്നത്. അതുകൊണ്ടുതന്നെ അമിത സ്നേഹം നൽകിയാണ് ടിജോയെ അവർ വളർത്തിയത്.
15 വർഷം മുമ്പ് തോമസ് മരിച്ചു. എട്ടുവർഷം മുമ്പായിരുന്നു ടിജോയുടെയും ബിൻസിയുടെയും വിവാഹം. ഇവരുടെ കാര്യത്തിലും വിധി എതിരായി. ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഇരുവർക്കും ഉണ്ടായില്ല. ഇതിനെച്ചൊല്ലി പൊന്നമ്മ മകനോടും മരുമകളോടും കലഹിക്കുന്നത് പതിവായിരുന്നു. ഒരുതവണ വഴക്കുണ്ടായപ്പോൾ പൊന്നമ്മ വെട്ടുകത്തിയുമായി ബിൻസിയുടെ നേരേ പാഞ്ഞടുക്കുന്നതും ടിജോ അവരെ തടയുന്നതും തുടർന്ന് ചൂടുവെള്ളം ഒഴിക്കുന്നതും ബിൻസി മൊബൈലിൽ പകർത്തിയിട്ടുണ്ട്. പുറത്തുപോയി വരുമ്പോഴും തള്ളയ്ക്ക് ചോറുകൊടുത്തോ എന്നാണ് ആദ്യം ചോദിക്കുന്നത്. മിക്ക രാത്രിയും അമ്മയും മകനും കൂടി ഒന്നും രണ്ടും പറഞ്ഞ് വഴക്കുകൂടി ബഹളം വയ്ക്കാറുണ്ടായിരുന്നു.






