തിരുവനന്തപുരം: വർഗീയതയ്ക്ക് വളംവെക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീറിനെ ‘ലീഗിന്റെ ശബ്ദം’ എന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിയുടെ പരാമർശം ഇതേ രീതിയിലുള്ളതാണെന്നും സി.പി.എം. വിമർശിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളെയും ഒരുമിച്ച് സംഘടിപ്പിച്ച് സാമൂഹികമാറ്റത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും വ്യക്തമാക്കി.
കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിൽ എസ്.എൻ.ഡി.പി. യോഗം വഹിച്ച പങ്ക് വളരെ വലുതാണെന്നും സി.പി.എം. ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ശ്രീനാരായണ ദർശനത്തെ അടിസ്ഥാനമാക്കിയാണ് സംഘടന പ്രവർത്തിച്ചതെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുന്നതിൽ ഈ നിലപാട് നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
അത്തരമൊരു സംഘടനയുടെ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സി.പി.എം. വിമർശിച്ചു.
ചേർത്തലയിൽ നടന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ പരിപാടിക്കിടെയാണ് എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം നടത്തിയത്. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ലെന്നും മുസ്‌ലിം ലീഗിന്റെ മനസ്സാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ നിരവധി ത്യാഗങ്ങൾ സഹിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെന്നും ഷംസീർ വളരെ ചുരുങ്ങിയ കാലംകൊണ്ട് നേതാവായി മാറിയ ആളാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അതേസമയം, വെള്ളാപ്പള്ളി നടേശൻ നേരത്തെ നടത്തിയ വിവാദ പ്രസ്താവനകളോട് സി.പി.എം. യഥാസമയം പ്രതികരിക്കാതിരുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും നേരത്തെ വിലയിരുത്തിയിരുന്നു. ഇത്തരം നിലപാടുകൾ ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയിൽനിന്നും മുന്നണിയിൽനിന്നും അകറ്റാൻ ഇടയാക്കിയെന്നും പാർട്ടി വിലയിരുത്തലുണ്ടായിരുന്നു.





