തിരുവനന്തപുരം: വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട സംഭവത്തിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് കോട്ടമൺപ്പാറ ഇലവുങ്കൽ വീട്ടിൽ നന്ദു (19), ചിറ്റാർ മാൻപീലിക്കാവ് ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെച്ചെരുവിൽ അദ്വൈത് (19) എന്നിവരാണ് അറസ്റ്റിലായത്.
വള്ളക്കടവ് വയ്യാമൂല സ്വദേശിയായ കുമാരി ഷീല (64)യുടെ ഒരുപവൻ സ്വർണമാലയാണ് ഇരുവരും കവർന്നത്. 18-ാം തീയതി രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. വള്ളക്കടവ് ഭാഗത്തെ വീടുകളിൽ ട്യൂഷൻ എടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അധ്യാപിക. റോഡരികിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ കാത്തുനിന്ന യുവാക്കൾ ഷീല നടന്നുവരുന്നതിനിടെ പിന്നിലെത്തി മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
മാല കവർന്ന ശേഷം പ്രതികൾ നഗരത്തിലൂടെ കാട്ടാക്കട, കൊല്ലം, എറണാകുളം വഴി സഞ്ചരിച്ച് തൃപ്പൂണിത്തുറയിലെത്തുകയായിരുന്നു. കവർച്ചയ്ക്കിടെ പ്രതികൾ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ അധ്യാപിക ശ്രദ്ധിച്ച് കുറിച്ചുവെച്ചിരുന്നു. ഈ നമ്പർ പോലീസിന് കൈമാറിയതോടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്.
പൊട്ടിച്ചെടുത്ത സ്വർണമാല ചാലയിലെ ഒരു കടയിൽ 50,000 രൂപയ്ക്ക് വിറ്റതായി പോലീസ് കണ്ടെത്തി. ലഭിച്ച പണത്തിൽനിന്ന് 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് മൊബൈൽ ഫോണുകൾ വാങ്ങിയെന്നും ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ബി.എസ്. സജിമോൻ പറഞ്ഞു. കവർന്ന സ്വർണമാല പോലീസ് പിന്നീട് കണ്ടെടുത്തു.
സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം ശക്തമാക്കുകയായിരുന്നു. എസ്.ഐമാരായ ഡി.ഒ. ദിനേശ്, എസ്.എൽ. സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചു. അധ്യാപിക നൽകിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ തൃപ്പൂണിത്തുറയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും അവിടെനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, മാല നഷ്ടപ്പെട്ടതിന്റെ സങ്കടത്തിനൊപ്പം ഇനി സ്വർണമാല ധരിക്കുന്ന കാര്യത്തിലും മാറ്റം വരുത്താനാണ് തീരുമാനമെന്ന് കുമാരി ഷീല പറഞ്ഞു. ഒറ്റയ്ക്ക് റോഡിലൂടെ പോകേണ്ടിവരുമ്പോൾ ഇനി ഇമിറ്റേഷൻ മാല മാത്രമേ ധരിക്കൂ. കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ സ്വർണാഭരണങ്ങൾ ഉപയോഗിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്യൂഷൻ എടുത്ത് മിച്ചംവെച്ച പണം ഉപയോഗിച്ച് ഒരു ലക്ഷം രൂപയ്ക്ക് ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ ഒരുപവൻ സ്വർണമാല ഷീല വാങ്ങിയത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ വിഷമമുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിന് ശേഷം 250 രൂപയ്ക്ക് സ്വർണമാലയെന്ന് തോന്നിക്കുന്ന ഇമിറ്റേഷൻ മാല വാങ്ങി ധരിച്ചിരിക്കുകയാണെന്നും ഷീല വ്യക്തമാക്കി.





