വളാഞ്ചേരി: മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച മൂന്നംഗ സംഘത്തെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20), കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ നിതിൻ ദാസ് (21), തവനൂർ കാക്കശ്ശേരിക്കുന്ന് കുറുപ്പംവീട്ടിൽ റിജിൻ ദാസ് (22) എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തും തുടർച്ചയായി നടന്ന മോഷണങ്ങളെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പി എ.എം. സിദ്ദിഖിന്റെ നിർദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്.
ചോദ്യംചെയ്യലിൽ കഴിഞ്ഞ മാസങ്ങളിൽ കുറ്റിപ്പുറം, തവനൂർ, അയങ്കലം, പേരാമംഗലം, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ബൈക്കുകളും വാഹന ബാറ്ററികളും മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച ബൈക്കുകളും ബാറ്ററികളും തിരൂർ, പൊന്നാനി, പട്ടാമ്പി മേഖലകളിൽ വിറ്റഴിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. മോഷണംപോയ ബൈക്കുകൾ പോലീസ് കണ്ടെടുത്തു.
മോഷണത്തിലൂടെ ലഭിച്ച പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമായാണ് ചെലവഴിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിടിയിലായ റിജിൻ ദാസിനെതിരെ തൃശ്ശൂരിലും തിരൂരിലും ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
തിരൂർ ഡി.വൈ.എസ്.പി എ.എം. സിദ്ദിഖിന്റെ മേൽനോട്ടത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ് ബാബു, തിരൂർ ഡാൻസാഫ് ടീമിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, സീനിയർ സി.പി.ഒ ഉദയകുമാർ, സി.പി.ഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ നിതിൻ, ഷിജിൻ, സി.പി.ഒ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിനും സമാനമായ മറ്റ് മോഷണക്കേസുകളിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

















































