കല്പറ്റ: ടൗൺഷിപ്പ് എന്ന് പറയാനുള്ള അർഹതപോലും കോൺഗ്രസിനില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് വി. വസീഫ്. ടൗൺഷിപ്പിൽ വിള്ളലുണ്ടായ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുത്, ഞങ്ങളുടെ ആപ്പിലേക്ക് പണം തരണം എന്നു പറഞ്ഞവരാണ് കേരളത്തിലെ കെ.പി.സി.സി. പ്രസിഡന്റ്. ഇത് സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 25 വീട് നിർമിച്ചുനൽകുമെന്ന് പറഞ്ഞിട്ട് 100 വീടുകൾ നിർമിക്കാനുള്ള 20 കോടിരൂപ സർക്കാരിന് കൈമാറിയവരാണ് ഡി.വൈ.എഫ്.ഐ. ആക്രി പെറുക്കിവരെ പണം കണ്ടെത്തി.
ഇപ്പോൾ ഡി.വൈ.എഫ്.ഐ. പിരിച്ച പണത്തിന്റെ ‘പലിശ’ എത്രയാണെന്നൊക്കെ അന്വേഷിച്ച് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. യു.എൽ.സി.സി.യുടെ പണം ഞങ്ങൾക്ക് തന്നു, ആ പണം ഞങ്ങൾ ടൗൺഷിപ്പ് പ്രോജക്ടിലേക്ക് കൊടുത്തുവെന്നാണ് ഒരു ഔദ്യോഗിക വക്താവ് പറഞ്ഞത്. കോൺഗ്രസ് വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ്. ഡി.വൈ.എഫ്.ഐ. പിരിച്ച പണത്തിന്റെ പലിശയുടെ അത്രപോലും പിരിക്കാൻ സാധിക്കാത്തവരാണ് യൂത്ത് കോൺഗ്രസും മൂത്ത കോൺഗ്രസുമെന്നും വസീഫ് അഭിപ്രായപ്പെട്ടു. ഒരുകോടിരൂപ തികഞ്ഞില്ലെന്നാണ് യൂത്ത് കോൺഗ്രസ് ആദ്യം പറഞ്ഞത്. പി
ന്നെ പറഞ്ഞു ഞങ്ങൾ ഒരുകോടിരൂപ കെ.പി.സി.സി.യുടെ അക്കൗണ്ടിൽ കൊടുത്തെന്ന്. ഇവരാണ് വീട്ടിൽ വെള്ളം കിനിഞ്ഞിറങ്ങുന്നുണ്ടെന്നു പറഞ്ഞ് പരിഹസിച്ച് പുച്ഛിച്ച് സംവിധാനത്തെ ആക്ഷേപിക്കാൻ വരുന്നത്. നാണം അല്പമെങ്കിലും ഉണ്ടെങ്കിൽ, ഡി.വൈ.എഫ്.ഐ.യുടെ ഒരു യൂണിറ്റ് സെക്രട്ടറി നടന്നുവരുന്ന വഴിയിലുണ്ടെങ്കിൽ, കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാനാധ്യക്ഷൻ എഴുന്നേറ്റുനിന്ന് മടിക്കുത്ത് അഴിച്ചിട്ട് കൈകൂപ്പി നിൽക്കണമെന്നും വസീഫ് പറഞ്ഞു.













































