ന്യൂഡൽഹി: പൊതുപരീക്ഷാ സംവിധാനത്തിലെ പരിഷ്കാരങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്‌സിനെ ചൊല്ലി ലോക്സഭയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്‌പോര്. സമിതിയിലെ ഒരു അംഗത്തെ പരോക്ഷമായി “ഗോമൂത്ര വിദഗ്ധൻ” എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വിമർശനം ഉന്നയിച്ചതോടെയാണ് സഭയിൽ പ്രതിഷേധമുയർന്നത്.പ്രിയങ്കയുടെ പരാമർശത്തിൽ അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള എംപിമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമർശം. പരീക്ഷാ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാൻ പുതിയ സമിതികൾ രൂപീകരിക്കുന്നതിലൂടെ മാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും, നേരത്തേ രൂപീകരിച്ച സമിതികളുടെ ശുപാർശകൾ പോലും നടപ്പാക്കിയിട്ടില്ലെന്നും അവർ വിമർശിച്ചു. പുതിയ സമിതിയിൽ മുൻ ഐബി മേധാവിയും ഐടി കമ്പനിയുടെ ഉടമയും “ഗോമൂത്ര വിദഗ്ധനും” ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക പരിഹസിച്ചു. പേര് എടുത്തുപറഞ്ഞില്ലെങ്കിലും പരാമർശം ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിയെ ഉദ്ദേശിച്ചാണെന്നാണ് വ്യാപക വിലയിരുത്തൽ.
പ്രിയങ്കയുടെ പരാമർശത്തിനെതിരെ ബിജെപി എംപിമാർ ശക്തമായി രംഗത്തെത്തി. മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ളവർ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. പ്രൊഫ. കാമകോടിയുടെ ശാസ്ത്രീയ സംഭാവനകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയതെന്നും ബിജെപി വിമർശിച്ചു.
പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ നിർദേശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആറംഗ ടാസ്ക് ഫോഴ്‌സിൽ പ്രൊഫ. വി. കാമകോടിയും അംഗമാണ്. ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് മുമ്പ് നടത്തിയ പരാമർശങ്ങളുടെ പേരിൽ അദ്ദേഹം നേരത്തെയും വിവാദങ്ങളിൽപ്പെട്ടിരുന്നു.
അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ഡെലിവറി ബോയ് അറസ്റ്റിൽ, അക്കൗണ്ടിലൂടെ ഒഴുകിയത് ഒരു കോടിയോളം രൂപ

















































