തിരുവനന്തപുരം: ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പൊലീസാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽവച്ച് മുഖ്യമന്ത്രി വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലായിരുന്നു വാഹനവ്യൂഹം തടഞ്ഞത്. വാഹനം കൈകാണിച്ച് നിർത്തിയതിന് പിന്നാലെ മുഖ്യമന്ത്രി കാറിൽനിന്ന് പുറത്തിറങ്ങി കാര്യം അന്വേഷിച്ചു.
‘എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുപടി.
സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ചേന്തിയിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാമെന്ന് മാസങ്ങൾക്കുമുമ്പ് മുഖ്യമന്ത്രി സമ്മതിച്ചിരുന്നതായി ചേന്തി അനിൽ അവകാശപ്പെട്ടു. അവസാന നിമിഷംവരെ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ പരിശോധനയും നടത്തിയിരുന്നു.
എന്നാൽ, ഉള്ളൂരിലെ ഒരു വിവാഹവീട്ടിലെത്തിയ മുഖ്യമന്ത്രി ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ലെന്നാണ് അനിലിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കൈകാണിച്ച് വാഹനം നിർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാഹനം നിർത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചതെന്നും അനിൽ ആരോപിച്ചു. പരിപാടിയുടെ സംഘാടകർക്കൊപ്പമുണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയതായും ചേന്തി അനിൽ പറഞ്ഞു.






