ലഖ്‌നൗ: മയക്കുമരുന്നിനടിമപ്പെട്ട് അക്രമാസക്തമായി വീട്ടിലും നാട്ടിലും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന യുവാവിനെ സ്വന്തം കുടുംബംതന്നെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദുഷ്യന്തിന്റെ അച്ഛനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
ദിദോലി കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബം നൽകിയ ക്വട്ടേഷനാണെന്ന് മനസിലായത്.
ദീർഘകാലമായി ദുഷ്യന്ത് മയക്കുമരുന്നിന് അടിമയായിരുന്നു. ഇയാൾ ബന്ധുക്കളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല വീട്ടിൽ നിരന്തരം ഭയംനിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സഹിക്കാനാകാത്ത സാഹചര്യമാണ് തങ്ങളെ ഈ ക്രൂരകൃത്യത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചതെന്ന് ദുഷ്യന്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും പോലീസിനോട് പറഞ്ഞു.
യുവാവിനെ കൊല്ലാനായി കുടുംബം ജോളി എന്ന് അറിയപ്പെടുന്ന വാടകക്കൊലയാളിയെയാണ് സമീപിച്ചത്. അഞ്ചുലക്ഷത്തിന് ക്വട്ടേഷൻ ഉറപ്പിച്ചു. ദുഷ്യന്തിന്റെ അമ്മ അവരുടെ സ്വർണം പണയം വെച്ചാണ് ഈ തുക കണ്ടെത്തിയത്. കൊല നടത്തുന്നതിന് മുൻപേ 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ദുഷ്യന്തിന്റെ അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും എഎസ്പി അഖിലേഷ് ഭദോരിയ പറഞ്ഞു. കൊല നടത്തിയ ആൾക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ ദുഷ്യന്തിന്റെ സഹോദരനും കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിലെ പങ്ക് സമ്മതിച്ചു. ഇയാളും പോലീസിന്റെ കസ്റ്റഡിയിലാണ്. വാടക കൊലയാളിയായ ജോളിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.






