കൊച്ചി: പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെയും മുന്നണിയിൽ ഉൾപ്പെടുത്തി യുഡിഎഫ് യോഗം. ഇന്ന് കൊച്ചിയിൽ നടന്ന യുഡിഎഫ് യോഗത്തിൽ ഇരുവരെയും മുന്നണിയിലേക്ക് സ്വീകരിക്കാൻ നേതൃത്വം തീരുമാനമെടുത്തത്. അസോസിയേറ്റഡ് അംഗങ്ങളായിട്ടാണ് രണ്ടു പാർട്ടികൾക്കും പ്രവേശനം നൽകിയിരിക്കുന്നത്. നിലവിൽ ഇരു പാർട്ടിയെയും അസോസിയേറ്റ് കക്ഷിയായിട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീട് ഘടകകക്ഷിയാക്കാനാണ് മുന്നണിയുടെ തീരുമാനം.
അതേസമയം യുഡിഎഫിന്റെ അടിത്തറ വിപുലീകരണമായിരുന്നു ഇന്ന് നടന്ന യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. ഇതിൻറെ ഭാഗമായി നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാൻ താൽപര്യം കാണിച്ചിരുന്നവരെ യുഡിഎഫിലേക്ക് ക്ഷണിക്കുകയായിരുന്നു.
അതേപോലെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കവും സജീവമാക്കും. ഇതിന് വേണ്ടി മുസ്‌ലിം ലീഗും കോൺഗ്രസും മുൻകൈ എടുക്കുമെന്നാണ് റിപ്പോർട്ടു. കൂടാതെ പിജെ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും സമാന്തരമായി നടക്കും.
ഇതിനിടെ ഒരു പാർട്ടിയെയും അങ്ങോട്ട് പോയി ക്ഷണിക്കേണ്ടതില്ലെന്നുള്ള തീരുമാനവും ഇന്നത്തെ യോഗത്തിൽ എടുത്തിട്ടുണ്ട്. യുഡിഎഫ് ആശയത്തിൽ താൽപര്യമുള്ളവർ ഇങ്ങോട്ട് വരട്ടെ എന്നാണ് യുഡിഎഫ് നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിലെ പ്രതീക്ഷയിൽ മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കളത്തിലിറക്കും. അതുപോലെ എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കും. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ആവശ്യപ്പെടും. ഇത് സംബന്ധിച്ച കത്ത് തെരഞ്ഞെടുപ്പ്കമ്മിഷന് നൽകും. ബിഹാറിന് സമാനമായ കാര്യങ്ങൾ നടന്നോയെന്ന് പരിശോധിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് ഗൃഹ സന്ദർശനവും യുഡിഎഫ് നടത്തും. എല്ലാവർക്കും വോട്ടുണ്ടെന്ന് ഉറപ്പുവരുത്താനാണ് സന്ദർശനം. പ്രധാന നേതാക്കൾക്കാണ് ഗൃഹ സന്ദർശനത്തിന്റെ ചുമതല. വോട്ടർ പട്ടികയിൽ നിന്നും പുറത്തു പോയവരുടെ പട്ടിക പരിശോധിക്കും.






