നെടുമങ്ങാട്: തന്റെയും അഖിലയുടേയും ജീവിതത്തിൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഒന്നരവയസുകാരൻ അർഷിതിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് രണ്ടാനച്ഛൻ അഷ്‌കറിന്റെ മൊഴി. ഇതിനായി മൂന്നുമാസം മുൻപേ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചിരുന്നു. ഒരുമാസമായി നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും പ്രതി പറഞ്ഞു. ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ പനവൂർ കരിക്കുഴി നെല്ലിക്കുന്ന് അർച്ചിതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്കറാണ് (31) പോലീസിനോട് കൊലപാതകക്കുറ്റം സമ്മതിച്ചത്.
വെള്ളിയാഴ്ചയാണ് ഒന്നരവയസുകാരൻ അർഷിത് ക്രൂരമായി മർദനമേറ്റ് മരിച്ചത്. അർഷിതിന്റെ അമ്മ അഖിലയേയും (21) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെയും അഖിലയുടെയും സ്വൈര്യജീവിതത്തിന് തടസമാകുമെന്ന് കണ്ട് അർഷിതിനെ ഒഴിവാക്കാൻ മൂന്നുമാസം മുൻപ് തീരുമാനിച്ചിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഒരു മാസത്തോളമായി നിരന്തരമായി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. പലപ്പോഴും അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും അർഷിതിനെ പീഡിപ്പിച്ചിരുന്നത്.
മർദിക്കുമ്പോൾ കുഞ്ഞിന്റെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാനായി വായിൽ തുണി തിരുകിയാണ് ഉപദ്രവിച്ചിരുന്നത്. ശനിയാഴ്ച അഖില വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ തലയിൽ അടിക്കുകയായിരുന്നു. ബോധമില്ലാതായതോടെ അർഷിതിന്റെ ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചു. പിന്നീട് ചോറ് തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതിനു മുൻപുതന്നെ വീടും പരിസരവും വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചശേഷമാണ് ആശുപത്രിയിലേക്ക് പോയത്. അതേസമയം ഞായറാഴ്ച രാവിലെ അഷ്കറിനെ തെളിവെടുപ്പിനായി പോലീസ് കരിക്കുഴിയിൽ എത്തിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചതുൾപ്പെടെ സംഭവങ്ങൾ ഭാവഭേദമില്ലാതെ തന്നെ അഷ്കർ പോലീസിനോട് വിവരിച്ചു.
പലപ്പോഴായി കുഞ്ഞിനെ മർദിക്കാനും പൊള്ളിക്കാനും ഉപയോഗിച്ച സാധനങ്ങൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ബാക്കിയുള്ളവ കത്തിച്ചുകളഞ്ഞെന്നും ഇയാൾ മൊഴി നൽകി. തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് പ്രദേശത്ത് വൻജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തെളിവെടുപ്പിനിടെ നാട്ടുകാർ കമ്പും കല്ലുമായി അഷ്കറിനെ നാട്ടുകാർ ആക്രമിച്ചു. ഇയാളുടെ കാറും അടിച്ചുതകർത്തു.
അക്രമാസക്തരായ ആളുകളെ ലാത്തിവീശി മാറ്റിയശേഷമാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.അഖിലയുടെ ഭർത്താവ് അഖിൽ മരിച്ചശേഷമാണ് അർഷിത് ജനിക്കുന്നത്. ഇതിനുശേഷമാണ് അഖില ടാക്‌സി ഡ്രൈവറായ അഷ്‌കറിനൊപ്പം താമസിക്കാൻ തുടങ്ങിയത്. മുൻഭാര്യയെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അഷ്‌കർ. അഷ്കറിനു മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് ആദ്യ ഭർത്താവ് അഖിലിന് അറിയാമായിരുന്നു. പിന്നീട് കേസ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ അഖില ആദ്യ ഭർത്താവിനെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ അഖിൽ ആത്മഹത്യ ചെയ്തുവെന്ന് അഖിലിന്റെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.



















































