അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തുർക്കിയുടെ നടപടി.
നെതന്യാഹുവിനും മുതിർന്ന ഉദ്യോഗസ്ഥനായ അഫെക് മോസ്കോവിച്ചിനുമെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി അകിൻ ഗുർലേക് അറിയിച്ചു. ഇവരെ അന്താരാഷ്ട്ര തലത്തിൽ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോൾ റെഡ് നോട്ടീസ് തേടാൻ നീതിന്യായ മന്ത്രാലയം നിർദേശിച്ചതായും ബന്ധപ്പെട്ട രേഖകൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
‘ബെഞ്ചമിൻ നെതന്യാഹു, അഫെക് മോസ്കോവിച്ച് എന്നിവർക്കെതിരേ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്രതലത്തിൽ ഇവരെ പിടികൂടുന്നതിനായി ഇന്റർപോൾ റെഡ് നോട്ടീസ് തേടാൻ നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിദേശകാര്യമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, വംശഹത്യ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, ബോധപൂർവം പരിക്കേൽപ്പിക്കൽ, പീഡനം തുടങ്ങിയ കുറ്റങ്ങളിലാണ് വിചാരണ നേരിടുന്നത്. അന്താരാഷ്ട്ര സമുദ്രത്തിൽ ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട സന്നദ്ധപ്രവർത്തകർക്കുനേരെയുള്ള ആക്രമണവും അവരെ കസ്റ്റഡിയിലെടുത്തതുമാണ് കുറ്റാരോപണങ്ങൾക്ക് കാരണം’, അകിൻ ഗുർലേക് എക്സിൽ കുറിച്ചു.
മേയ് മാസത്തിൽ നൂറുകണക്കിന് ആക്ടിവിസ്റ്റുകളുമായി ഗാസയിലേക്ക് പുറപ്പെട്ട കപ്പലുകൾ ഇസ്രായേൽ തടഞ്ഞിരുന്നു. സംഭവത്തിനെതിരെ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് തുർക്കിയുടെ പുതിയ നീക്കം.
ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനും മറ്റ് ഇസ്രായേൽ നേതാക്കൾക്കുമെതിരെ തുർക്കി നേരത്തെയും അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു.






