വാഷിങ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യത ഉയരുന്ന സാഹചര്യത്തിൽ, ഇസ്ലാമാബാദിൽ വീണ്ടും കൂടിക്കാഴ്ച നടക്കാമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാം. ഞങ്ങൾ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നു; നിങ്ങൾ ഇസ്ലാമാബാദിൽ തന്നെ തുടരുക,” ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ “മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്നും” ട്രംപ് പ്രശംസിച്ചു. എന്നാൽ, ചർച്ചകൾ ഇസ്ലാമാബാദിൽ തന്നെ നടക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭ്യമായിട്ടില്ല. ചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
ഇസ്ലാമാബാദിൽ നടന്ന ആദ്യ ഘട്ട ചർച്ചയിൽ, ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതി കൈവന്നതായി ഇരുപക്ഷവും സൂചിപ്പിച്ചിരുന്നു. താത്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ രണ്ടാംഘട്ട ചർച്ച നടക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉയരുന്നത്.
ഇതിനിടെ, ഹോർമുസ് കടലിടുക്കും സമീപ സമുദ്രമേഖലകളും ഉൾപ്പെടുത്തി അമേരിക്ക നടപ്പാക്കിയ നാവിക ഉപരോധം ശക്തമായി തുടരുന്നതായി യുഎസ് സൈന്യം അറിയിച്ചു. “ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും ഉപരോധം മറികടക്കാൻ കഴിഞ്ഞില്ല. ആറ് ചരക്ക് കപ്പലുകളെ ഒമാൻ ഉൾക്കടലിലെ ഒരു ഇറാനിയൻ തുറമുഖത്തേക്ക് തിരിച്ചയച്ചു,” സൈനിക പ്രസ്താവനയിൽ വ്യക്തമാക്കി.
“ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ കപ്പലുകളെ തടയുന്നതിനുള്ള ദൗത്യത്തിൽ 10,000-ത്തിലധികം നാവികർ, മറീൻ കോർപ്‌സ് അംഗങ്ങൾ, വ്യോമസേനാ ജീവനക്കാർ എന്നിവർ പങ്കാളികളാണ്. ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും നിരവധി വിമാനങ്ങളും പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, അറേബ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും ഇറാനിയൻ തുറമുഖങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെയാണ് ഉപരോധം കർശനമായി നടപ്പാക്കുന്നത്. “ഹോർമുസ് കടലിടുക്ക് വഴി ഇറാനിയൻ അല്ലാത്ത തുറമുഖങ്ങളിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന കപ്പലുകളെ തടയില്ല,” എന്നും യുഎസ് സൈന്യം വ്യക്തമാക്കി.














































