മാൻസ: പഞ്ചാബിലെ മാൻസയിൽ 25 വയസുകാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തി. വിവാഹിതയായ സ്ത്രീയുമായുള്ള പ്രണയബന്ധത്തെ ചൊല്ലി സ്ത്രീയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഖോഖർ റോഡ് സ്വദേശിയായ ജഷൻദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിനെത്തുടർന്ന് ജഷൻദീപിന്റെ കൈകാലുകൾ ഒടിയുകയും ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതി മരിച്ച യുവാവിന്‍റെ അയല്‍വാസിയായിരുന്നു.
ഇതിനെച്ചൊല്ലി നേരത്തെയും ജഷൻദീപിനെ ഇവർ ലക്ഷ്യം വെച്ചിരുന്നതായി പിതാവ് ഗുർസേവക് സിംഗ് പറഞ്ഞു. ഒരു ബോലേറോ കാറിലെത്തിയ നാലോ അഞ്ചോ പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘമാണ് മകനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീയുടെ കുടുംബം തന്റെ മകനെ ഒരു മരത്തിൽ കെട്ടിയിട്ട് നിഷ്കരുണം മർദിച്ചുവെന്ന് യുവാവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
പുരുഷന് കൈകളിലും കാലുകളിലും ഒടിവുകൾ ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും യുവാവിന്റെ സഹോദരൻ പറയുന്നു. നിലവിൽ പ്രതികൾ ഒളിവിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.














































