കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നിർണായക വഴിത്തിരിവായി പുതിയ ശബ്ദസന്ദേശങ്ങൾ. തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സുഹൃത്തിനോട് പറയുന്ന നിതിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ‘ആര് തളർത്തിയാലും ഡോക്ടറായിട്ടേ ഞാൻ ഈ കോളജിൽ നിന്ന് പുറത്തിറങ്ങൂ’ എന്ന് നിതിൻ സുഹൃത്തിനോട് ഉറപ്പിച്ചു പറയുന്നുണ്ട്. പരീക്ഷാ ഹാളിൽ വെച്ച് തനിക്ക് പിന്തുണ നൽകിയ ഒരു അധ്യാപകനെക്കുറിച്ചും നിതിൻ സൂചിപ്പിക്കുന്നു. മാനസിക പ്രയാസങ്ങൾ വന്നാൽ റിപ്പോർട്ട് ചെയ്യാൻ ആ അധ്യാപകൻ പറഞ്ഞുവെന്നുമാണ് നിതിൻ സന്ദേശത്തിൽ പറഞ്ഞത്.
എന്ത് പ്രതിസന്ധിയുണ്ടായാലും പഠനം ഉപേക്ഷിക്കില്ലെന്നും, പിന്തുണ നൽകുന്ന അധ്യാപകർ കൂടെയുണ്ടെന്നുമുള്ള ആശ്വാസമായിരുന്നു ആ വാക്കുകളിൽ ഉണ്ടായിരുന്നത്.എന്നാൽ, ഇതിനു മുമ്പ് നിതിൻ അയച്ച സന്ദേശങ്ങൾ കോളജിനുള്ളിലെ ഭീകരമായ അന്തരീക്ഷമാണ് വെളിപ്പെടുത്തുന്നത്. കോളജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും, ഗേറ്റിന് പുറത്തിറങ്ങിയാൽ കയ്യും കാലും വെട്ടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതായും നിതിൻ ആരോപിച്ചിരുന്നു. ഡിപ്പാർട്ട്മെന്റ് മേധാവിയായ ഡോ. എസ്.കെ. റാം തന്നെ നിരന്തരം വേട്ടയാടുന്നുണ്ടെന്നും, മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും മാനസികമായി തകർക്കാൻ ശ്രമിക്കുന്നുവെന്നും നിതിൻ സുഹൃത്തുക്കളോട് വേദനയോടെ പങ്കുവെച്ചിരുന്നു.
അതേസമയം, ആരോഗ്യ സർവകലാശാല വൈസ് ചാൻസിലറോട് സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഗവർണർ നിർദേശം നൽകി. ഇതിനെത്തുടർന്ന് ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എസ്.കെ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. ഇവരെ പുറത്താക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ പീഡനമാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബത്തിന്റെ പരാതി. നിലവിൽ പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.












































