വാഷിങ്ടൺ: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വധ ഭീഷണിയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം തുർക്കിയിൽ നിന്ന് ബ്രിട്ടനിലേക്ക് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിൽ യാത്ര ചെയ്തതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ട്രംപ് എയർഫോഴ്സ് വണ്ണിലാണെന്നായിരുന്നു യാത്ര ചെയ്തതെന്നായിരുന്നു വൈറ്റ് ഹൗസ് പുറത്തുവിട്ട വിവരം. എന്നാൽ യഥാർഥത്തിൽ മൂന്നാമതൊരു വിമാനത്തിലായിരുന്നു ട്രംപിന്റെ രഹസ്യ യാത്രയെന്നാണ് റിപ്പോർട്ട് പറയുന്നത്.
നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ട്രംപ് ഖത്തർ സമ്മാനിച്ച, പുതുതായി നവീകരിച്ച പ്രസിഡന്റിന്റെ പുതിയ വിമാനത്തിലാണ് തുർക്കി തലസ്ഥാനമായ അങ്കാറയിലെത്തിയത്. എന്നാൽ മടങ്ങുമ്പോൾ അപ്രതീക്ഷിതമായി പഴയ എയർഫോഴ്സ് വൺ ഉപയോഗിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരുന്ന സമയത്തായിരുന്നു ട്രംപിന്റെ തുർക്കി സന്ദർശനം. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി.
അതേസമയം അങ്കാറയിൽ മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിൽ പഴയ എയർഫോഴ്സ് വണ്ണിൽ കയറിയ ട്രംപിനെ പിന്നീട് വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കിൽ രഹസ്യമായി മറ്റൊരു ഭാഗത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രസിഡന്റിനെ സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. ഓപ്പറേഷനെക്കുറിച്ച് അറിവുള്ള ഒരു യുഎസ് ഉദ്യോഗസ്ഥനെയും മറ്റൊരു വ്യക്തിയെയും ഉദ്ധരിച്ചാണ് വാഷിങ്ടൺ പോസ്റ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സി-32എ വിമാനം രാത്രി ഏകദേശം 10.20ന് ബ്രിട്ടനിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പഴയ എയർഫോഴ്സ് വണ്ണും മാധ്യമപ്രവർത്തകരുമായി ഏതാനും മിനിറ്റുകൾക്കുശേഷമാണ് ബ്രിട്ടനിലെത്തിയത്. അതേസമയം, അങ്കാറയിൽ നിന്ന് ബ്രിട്ടനിലെ ആർഎഎഫ് മിൽഡൻഹാളിലേക്ക് പഴയ എയർഫോഴ്സ് വൺ ഉപയോഗിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. “പഴയ കാലത്തിന്റെ ഓർമയ്ക്കായി” പഴയ നീല എയർഫോഴ്സ് വണ്ണിൽ യാത്ര ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ പുതിയ വിമാനം ആർഎഎഫ് മിൽഡൻഹാളിൽ നിർത്തി അവിടെ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനികർക്ക് വിമാനം സന്ദർശിക്കാൻ അവസരം നൽകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പുറമെ മൂന്നാമതൊരു വിമാനത്തിൽ ട്രംപ് രഹസ്യമായി യാത്ര ചെയ്തുവെന്ന വിവരം പുറത്തുവന്നതോടെയാണ് പുതിയ വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നത്.
റിപ്പോർട്ടിനെക്കുറിച്ച് വൈറ്റ് ഹൗസിനോട് പ്രതികരണം തേടിയപ്പോൾ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവ് ച്യൂങ് ഖത്തർ നൽകിയ വിമാനത്തിൽ പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.
അമേരിക്കയ്ക്ക് നിരവധി ശത്രുക്കളുണ്ടെന്നും അവർ പ്രസിഡന്റിനെ ലക്ഷ്യമിടുന്നുണ്ടെന്നും ട്രംപ് അടുത്തിടെ പറഞ്ഞിട്ടുണ്ടെന്നും ഇത്തരം ഭീഷണികളെ നേരിടാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ച്യൂങ് പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിന് നൽകിയ പ്രതികരണത്തിലും ഇതേ പ്രസ്താവനയാണ് വൈറ്റ് ഹൗസ് ആവർത്തിച്ചത്. സംഭവത്തെക്കുറിച്ച് പെന്റഗൺ ഉടൻ പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള സംഘർഷം നിലനിന്നിരുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ യാത്രാ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ശക്തമാക്കിയിരുന്നു എന്നതിലേക്കാണ് പുതിയ റിപ്പോർട്ട് ശ്രദ്ധ തിരിക്കുന്നത്.





