ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് വിശദീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. എന്നാൽ, അദ്ദേഹം വിശദീകരണം നൽകുന്ന സമയത്ത് പ്രതിപക്ഷം യാതൊരു വിധത്തിലുള്ള തടസങ്ങളും സൃഷ്ടിക്കരുത് എന്ന വ്യവസ്ഥയോടെയാണ് സർക്കാർ ഈ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. വിദ്യാർഥി പ്രക്ഷോഭത്തെ കുറിച്ച് വിശദമായ ചർച്ചയ്ക്ക് സർക്കാർ ഒരുക്കമാണെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ വ്യക്തമാക്കി.
അതേസമയം കേന്ദ്ര സർക്കാരിൻ്റെ ഈ നിലപാടിനോട് രൂക്ഷമായ ഭാഷയിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കാൻ നിർദേശം നൽകിയത് ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണം, അദ്ദേഹത്തിന്റെ പൊതുവായ പ്രസ്താവനകളിൽ തങ്ങൾക്ക് താല്പര്യമില്ലെന്നും, പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതും ആണികൾ തറച്ച ലാത്തികൾ കൊണ്ട് വിദ്യാർഥികളെ മർദ്ദിച്ചതും ആരുടെ നിർദേശപ്രകാരമാണെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇനി ഇത് അമിത് ഷാ നൽകിയ നിർദേശമാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണെന്നും, അദ്ദേഹത്തിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിൽ അദ്ദേഹം കഴിവുകെട്ടവനാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇതിനിടെ രാഹുൽ ഗാന്ധിയുടെ ഈ ആരോപണങ്ങൾക്ക് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ചർച്ചകളിൽ താല്പര്യമില്ലെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി. ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ലെന്നും രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ ചർച്ചകളിൽ നിന്നും ഒളിച്ചോടാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്നും, എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ അമിത് ഷാ തയ്യാറാണെന്നും നദ്ദ കൂട്ടിച്ചേർത്തു. കൂടാതെ, കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
അതേസമയം പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സംഭവവികാസങ്ങൾ. ചോദ്യോത്തര വേളകൾ കൃത്യമായി നടത്തുന്നതിനും പ്രധാന ബില്ലുകളിന്മേലുള്ള ചർച്ചകൾക്കും പ്രതിപക്ഷ പാർട്ടികൾ സഹകരിക്കണമെന്ന് സ്പീക്കർ ഓം ബിർള അഭ്യർഥിച്ചു. ഇതിനിടെ അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ടാരക്കൊള്ളയെ കുറിച്ചും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യ പ്രസവത്തിനായി മെഡിക്കൽ കോളേജിൽ; കൂട്ടിരിപ്പിനെത്തിയ ഭർത്താവ് ജീപ്പിൽ മരിച്ച നിലയിൽ





