കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ജീപ്പിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
വിനു പ്രസാദിന്റെ ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിപ്പിനായാണ് വിനു പ്രസാദ് മെഡിക്കൽ കോളേജിലെത്തിയിരുന്നത്.
മരണകാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.






