കണ്ണൂർ: സിപിഎം ഇതുവരെ ഒരു തെറ്റും തിരുത്തിയതായി അറിയില്ലെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ബംഗാളിലും ത്രിപുരയിലുമെല്ലാം പാർട്ടിക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി.കെ. ഗോവിന്ദൻ.
‘അത്രവേഗത്തിൽ തെറ്റ് തിരുത്തുന്ന പാർട്ടിയല്ല സിപിഎം. സിപിഎം അഖിലേന്ത്യാ പാർട്ടിയല്ലേ, കേരളത്തിൽ മാത്രമല്ലല്ലോ ആദ്യമായി പരാജയം നേരിട്ടത്. ത്രിപുരയിലും ബംഗാളിലുമെല്ലാം പാർട്ടി പരാജയപ്പെട്ടപ്പോൾ ജനവിശ്വാസം വീണ്ടെടുക്കാനും തെറ്റുതിരുത്താനും പാർട്ടിയുടെ കേന്ദ്രകമ്മിറ്റി എന്താണ് ചെയ്തത്?’ അദ്ദേഹം ചോദിച്ചു.
ഒരു സീറ്റിലേക്ക് പോലും തിരിച്ചുവരാൻ കഴിയാത്ത ബംഗാളിലാണ് ആദ്യം തെറ്റുതിരുത്തൽ നടത്തേണ്ടതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇതേ അവസ്ഥയുണ്ടായപ്പോൾ പല നടപടികളും സ്വീകരിക്കുകയാണ്. ജനങ്ങളിൽനിന്ന് ഒറ്റപ്പെടുന്ന ഘട്ടത്തിൽ ജനങ്ങളെ ആശ്വസിപ്പിക്കാൻ ഇത്തരം കാര്യങ്ങൾ പാർട്ടി എപ്പോഴും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ആദ്യമായിട്ടല്ല. ഇതിനുമുൻപും പ്ലീനങ്ങൾ ചേർന്നിട്ടുണ്ട്, പ്രത്യേക സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. എന്നിട്ടും ചർച്ച ചെയ്ത് കണ്ടെത്തിയ ഒരു തെറ്റും ഇതുവരെ തിരുത്തിയിട്ടില്ല. തെറ്റുകൾ തിരുത്തിത്തുടങ്ങേണ്ടത് നേതൃത്വത്തിൽനിന്നാണ്’ എന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയുന്ന ആളാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി സെക്രട്ടറി അപ്രസക്തമായിരുന്നുവെന്നും പിണറായിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പാർട്ടി സെക്രട്ടറിയെയാണ് കേരളത്തിൽ കണ്ടതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. ഇതാണ് പാർട്ടിക്ക് സംഭവിച്ച തകർച്ചയുടെ അടിസ്ഥാന കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഭരണപരമായ കാര്യങ്ങളിലെ പോരായ്മകളും ന്യൂനതകളും പാർട്ടിയിൽ ചർച്ച ചെയ്തിരുന്നില്ലെന്നും ഭരിക്കുന്നവർ മാത്രമാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന പാർട്ടി സെക്രട്ടറിയാണ് സിപിഎമ്മിനുള്ളതെന്നും പാർട്ടിയുടെ അപചയത്തിനുള്ള കാരണവും ഇതാണെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
പാർട്ടിയെ നോക്കുകുത്തിയാക്കുന്ന നിലപാടാണ് ഭരണത്തിലിരുന്നവർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നടപടികളടക്കം പാർട്ടിയിൽ ചർച്ച ചെയ്യപ്പെടണം. അങ്ങനെ മാത്രമേ പാർട്ടിക്കും സർക്കാരിനും നിലനിൽപ്പുണ്ടാകൂ. എന്നാൽ സിപിഎം ഉൾപ്പാർട്ടി ജനാധിപത്യമില്ലാത്ത പാർട്ടിയായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയൻ പാർട്ടിയിലെ കരുത്തുറ്റ നേതാവായിരുന്നെങ്കിലും ഇപ്പോൾ ദുർബലനായിപ്പോയെന്നും ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. അതിന് കാരണമെന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും ടി.കെ. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബിജെപി ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം നടത്തി കുറ്റവാളികളെ നിയമനടപടികളിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. അതിന് പകരം രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് കോൺഗ്രസിന്റെ നിലപാടെന്നും താനും അതുതന്നെയാണ് ആവർത്തിക്കുന്നതെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. ഇത് പിണറായി വിജയനോടുള്ള മൃദുസമീപനമല്ലെന്നും ഇഡിയെക്കുറിച്ചുള്ള തന്റെ അഭിപ്രായമാണെന്നും അദ്ദേഹം വിശദീകരിച്ചു.






