ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും വാനോളം പുകഴ്ത്തിയ ഡൊണാൾഡ് ട്രംപിന് പരിഹാസത്തിൽ പൊതിഞ്ഞ മറുപടിയുമായി കോൺഗ്രസ്. മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ പവൻ ഖേരയാണ് സാമൂഹികമാധ്യമായ എക്‌സിലൂടെ പരിഹാസ പ്രതികരണവുമായെത്തിയത്.
‘പ്രിയപ്പെട്ട ഡൊണാൾഡ് ട്രംപ്, ദയവായി ഗ്യാനേഷ് കുമാർ ഗുപ്തയെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ. അദ്ദേഹത്തെ അവിടെത്തന്നെ നിർത്തിക്കോളൂ. ലഭ്യമായ അടുത്ത വിമാനത്തിൽ ഞങ്ങൾ, ഞങ്ങളുടെ ഇവിഎമ്മുകളും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) അയക്കാം. നിങ്ങൾ ഞങ്ങളോടു കാണിച്ച എല്ലാ അധിക്ഷേപങ്ങൾക്കും ആക്ഷേപങ്ങൾക്കും പകരമായി ഞങ്ങൾക്ക് നിങ്ങളോട് ഇത്രയെങ്കിലും ചെയ്യാനാകുമല്ലോ’ എന്നായിരുന്നു പവൻ ഖേരയുടെ കുറിപ്പ്.
കഴിഞ്ഞ ദിവസം തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ തെരഞ്ഞെടുപ്പു രീതിയേയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും പ്രശംസിച്ചത്. കർശനമായ പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ എത്രയുംവേഗം പാസ്സാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു ട്രംപിന്റെ പ്രശംസയെത്തിയത്.
ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തോട് ഉന്നയിച്ച ഒരു ചോദ്യവും ട്രംപ് തന്റെ സമൂഹ മാധ്യമ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധുവായ ഒരു ഫോട്ടോ ഐഡി പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നത് എന്ന ഗ്യാനേഷിന്റെ ചോദ്യമാണ് ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചിരുന്നത്.
അതുപോലെ ഇന്ത്യയിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64.6 കോടിയോളം വോട്ടർമാരാണ് പങ്കെടുത്തത് എന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ മാർഗ്ഗം വോട്ട് ചെയ്തത്. ഓരോ വോട്ടർക്കും കൃത്യമായ ഫോട്ടോ അടങ്ങിയ തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നു. അതിനാൽ, അമേരിക്കയും എത്രയും വേഗം ‘സേവ് അമേരിക്ക ആക്ട്’ പാസാക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.






