തിരുവനന്തപുരം: സിഎംആർഎലിന് ഐടി സേവനങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്എഫ്ഐഒ നടത്തിയ ചോദ്യം ചെയ്യലിൽ, സേവനവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ എല്ലാം നേരിട്ടായിരുന്നുവെന്നും അതിനാൽ രേഖകളൊന്നും ലഭ്യമല്ലെന്നും വീണയുടെ മൊഴി .
സിഎംആർഎൽ അധികൃതരുമായി, പ്രത്യേകിച്ച് ശശിധരൻ കർത്തയും സംഘവുമായി, ഐടി സംബന്ധമായ കാര്യങ്ങൾ നേരിട്ടായിരുന്നു ചർച്ച ചെയ്തിരുന്നതെന്നും യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നും വീണ പറഞ്ഞതായി എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു.
വർഷങ്ങൾക്കുമുമ്പ് എക്സാലോജിക് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതിനാൽ, കമ്പനി കംപ്യൂട്ടറുകളിലൂടെ നടത്തിയ ആശയവിനിമയങ്ങളുടെ രേഖകളും ലഭ്യമല്ലെന്നുമാണ് മൊഴി. എസ്എഫ്ഐഒ എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വീണയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നത്.
സിഎംആർഎലിൽ നിന്ന് ആകെ 2.78 കോടി രൂപ ലഭിച്ചെങ്കിലും, ടി. വീണയോ എക്സാലോജിക് കമ്പനിയോ സിഎംആർഎലിന് യാതൊരു സേവനവും നൽകിയതായി അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണ് എസ്എഫ്ഐഒ റിപ്പോർട്ടിലുള്ളത്. എക്സാലോജിക് ജീവനക്കാരുടെയും സിഎംആർഎല്ലിന്റെ ഐടി വിഭാഗം മേധാവിയുടെയും മൊഴികൾക്കൊപ്പം വീണയുടെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകിയതിനാണ് ടി. വീണയ്ക്കും എക്സാലോജിക്കിനും സിഎംആർഎൽ പണം നൽകിയതെന്ന നിലപാട് സിപിഎം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐഒ റിപ്പോർട്ടിലെ ഈ പരാമർശങ്ങൾ പുറത്തുവരുന്നത്.

















































