ഗാന്ധിനഗർ: ഗുജറാത്തിലെ പാലൻപൂരിൽ ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കൾക്ക് വിട്ടുനൽകുകയും പിന്നീട് 50,000 രൂപയ്ക്ക് വിൽക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നികേഷ് പട്ടേൽ (30) എന്ന യുവാവാണ് 26 കാരിയായ ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാർക്ക് ഒത്താശ ചെയ്തത്. സംഭവത്തിന് ശേഷം കുറ്റകൃത്യം മറച്ചുവയ്ക്കാനായി ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കേസിൽ നികേഷിനെ കൂടാതെ സുഹൃത്തുക്കളായ സഞ്ജയ് താക്കൂർ, അശോക് താക്കൂർ, സച്ചിൻ താക്കൂർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികൾ തുടർച്ചയായ് 10 ദിവസമാണ് യുവതിയെ ആവർത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. യുവതിയെ ബന്ദിയാക്കിയ ശേഷമായിരുന്നു പീഡനം. കൂടാതെ ഇവരുടെ സ്വർണക്കമ്മലുകൾ മോഷ്ടിക്കുകയും ചെയ്തു. അതേസമയം നികേഷ് ഭാര്യയെ ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറയുന്നു. നികേഷ് കൊടുംകുറ്റവാളിയാണെന്നും വികലമായ മാനസികാവസ്ഥയുള്ളയാളുമാണ്. ഇയാൾ വിവാഹിതനാണെങ്കിലും മുൻപ് മറ്റ് സമുദായങ്ങളിൽ പെട്ട രണ്ട് യുവതികളുമായി ഒളിച്ചോടിയിരുന്നുവെന്നും പോലീസ് പറയുന്നു.
















































