കൊച്ചി: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ടി.ഐ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
തനിക്കെതിരെ അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങൾ പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് വി. കുഞ്ഞികൃഷ്ണൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നാണ് ടി.ഐ. മധുസൂദനന്റെ ആരോപണം. ‘രക്തസാക്ഷി ഫണ്ട് കള്ളൻ’ എന്ന രീതിയിൽ പ്രചാരണം നടത്തിയെന്നും, അതിന് യാതൊരു രേഖയോ തെളിവോ ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങളിലൂടെ തന്റെ പ്രതിച്ഛായ തകർക്കുകയും വോട്ടർമാരിൽ തെറ്റായ ധാരണ സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ഹർജിയിലെ പ്രധാന വാദം. ഇത്തരം വ്യാജപ്രചാരണങ്ങളാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നും അതിനാൽ വിജയം അസാധുവാക്കണമെന്നുമാണ് ടി.ഐ. മധുസൂദനൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജി പരിഗണിച്ച ഹൈക്കോടതി വി. കുഞ്ഞികൃഷ്ണന് നോട്ടീസ് അയച്ചു. അതേസമയം, ഹർജിയിൽ ചില സാങ്കേതിക അപാകതകളുണ്ടെന്ന പ്രാഥമിക വിലയിരുത്തലും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഹർജി നിയമപരമായി നിലനിൽക്കുമോ എന്ന കാര്യം ആദ്യം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.






