കോഴിക്കോട്: സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’ നടപടിക്കിടെ എസ്ഐയ്ക്ക് നേരെ ആക്രമണം. പന്നിയങ്കര എസ്ഐയെയാണ് ചവിട്ടി പരിക്കേൽപ്പിച്ചത്. ആക്രമിച്ച യുവാവിനെ അറസ്റ്റിലായി. കോഴിക്കോട് കല്ലായി സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പന്നിയങ്കര സ്റ്റേഷൻ പരിധിയിലുള്ള പയ്യാനിക്കൽ ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് ബൈക്കിലിരിക്കുന്നത് കണ്ടെത്തിയതിനെതുർന്ന് എസ്ഐ അമൽ ജോയ് ചോദ്യം ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അയാൾ എസ്ഐയെ ചവിട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന്, ആക്രമിച്ച ഷഫീഖ് തൊട്ടടുത്തുള്ള കനാലിലൂടെ രക്ഷപ്പെടുകയായിരുന്നു. പിന്നീട്, കൂടുതൽ പോലീസെത്തി ഇയാളെ കണ്ടെത്തി കീഴ്പ്പെടുത്തി. ഇയാളുടെ ബൈക്കിൽ നിന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നയാളുകളുടെ പക്കൽ കണ്ടുവരുന്ന ട്യൂബും പോളിത്തീൻ കവറുകളും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച ജില്ലയിലുടനീളം ലഹരി പരിശോധന വ്യാപകമായി നടത്തുകയുണ്ടായി. കോഴിക്കോട് കമ്മീഷണർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഒരൊറ്റ ദിവസം കണ്ട് 56 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 57 പിടിയിലുമായി.


















































