ന്യൂഡൽഹി: വിളനാശമുണ്ടാകുന്നുവെന്ന കാരണത്താൽ ആനകളുടെ സ്വാഭാവിക സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. രാജ്യത്തെ ആനത്താരകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലുമുള്ള ആനത്താരകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ആനകളെ തുരത്തുന്നതിനായി വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമാകുന്ന നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.
ആനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ സഞ്ചാരപാതകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനൊപ്പം വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയും സഞ്ചാരപാതകളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.





