ന്യൂഡൽഹി: പ്രണയത്തിലായ കൗമാരക്കാർ ഒളിച്ചോടുന്ന സംഭവങ്ങളിൽ പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി. കുടുംബത്തിന്റെ അഭിമാനവും സാമൂഹിക സമ്മർദവും മുൻനിർത്തി മാതാപിതാക്കൾ പലപ്പോഴും ക്രിമിനൽ കേസുകൾ ആയുധമാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ചാണ് വിഷയത്തിൽ നിർണായക പരാമർശങ്ങൾ നടത്തിയത്.
“ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകും?” എന്ന ചോദ്യവും കോടതി ഉന്നയിച്ചു. 15 മുതൽ 18 വയസ്സ് വരെയുള്ള കാലഘട്ടം വൈകാരികമായ മാറ്റങ്ങളുടെയും സ്വതന്ത്ര തീരുമാനങ്ങളുടെയും പ്രായമാണെന്നും ഈ പ്രായത്തിലുള്ളവരുടെ ഉഭയസമ്മതത്തോടെയുള്ള ബന്ധങ്ങൾ എല്ലാം പോക്‌സോ നിയമത്തിന്റെ പരിധിയിൽ കാണേണ്ടതുണ്ടോ എന്നതിൽ ഗൗരവമായ ചർച്ച ആവശ്യമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികൾക്കൊപ്പം പോകുന്ന സാഹചര്യങ്ങളിൽ പോലും മാതാപിതാക്കൾ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി കോടതി ചൂണ്ടിക്കാട്ടി. പിന്നീട് ഇത്തരം കേസുകളിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടേണ്ടി വരുന്നതും പതിവാണെന്നും കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി 25 വയസ്സുകാരനൊപ്പം പോയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ കൊൽക്കത്ത ഹൈക്കോടതി നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് സുപ്രീം കോടതി വിഷയം സ്വമേധയാ പരിഗണിച്ചത്. പെൺകുട്ടികൾ അവരുടെ ലൈംഗിക താൽപര്യങ്ങൾ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി പറഞ്ഞത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കൗമാരക്കാരുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതോടൊപ്പം നിയമപരമായ അവബോധത്തിന്റെ അഭാവം പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി ആറാം ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് കൗമാര വിദ്യാഭ്യാസവും പോക്‌സോ നിയമത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവും നൽകണമെന്ന് കോടതി നിർദേശിച്ചു. നിയമത്തിന്റെ ലക്ഷ്യം, അതിന്റെ പരിധി, ലംഘനങ്ങളുടെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ ലഭിക്കേണ്ടത് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പോക്‌സോ കേസുകളുടെ നിരീക്ഷണത്തിനായി പ്രത്യേക ഡാഷ്‌ബോർഡ് സംവിധാനം ഒരുക്കണമെന്ന നിർദേശവും കോടതിക്ക് മുന്നിലെത്തി. എന്നാൽ നിലവിൽ ഹൈക്കോടതികൾക്ക് കീഴിലുള്ള ശിശു അവകാശ കമ്മിറ്റികൾ വഴിയും സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങളിലൂടെയും ഇത്തരം കേസുകൾ ഫലപ്രദമായി നിരീക്ഷിക്കാമെന്ന് കോടതി വ്യക്തമാക്കി. നിരീക്ഷണ ചുമതല കേന്ദ്രസർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
കൗമാരക്കാരുടെ ക്ഷേമവും ശിശുസംരക്ഷണവും മുൻനിർത്തി കൂടുതൽ പ്രായോഗികവും മാനുഷികവുമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും ജൂലൈ 17-ന് പരിഗണിക്കും.

















































