ലണ്ടൻ: ഇറാന്റെ ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ. യു.കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ബ്രിട്ടനിൽ ഐആർജിസിയെ പിന്തുണയ്ക്കുകയോ ധനസഹായം നൽകുകയോ അതിന്റെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാകും.
ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി നേരിട്ട് പങ്കാളികളായിരുന്നുവെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിലെ യഹൂദ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുമായും സംഘടനയ്ക്ക് ബന്ധമുണ്ടെന്നാണ് യു.കെ ആരോപിക്കുന്നത്.
ബ്രിട്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ ടെലിവിഷനിലെ രണ്ട് മാധ്യമപ്രവർത്തകരെ വധിക്കാൻ ഇറാൻ നടത്തിയ ഗൂഢാലോചന, ബ്രിട്ടീഷ് സ്ഥാപനങ്ങളെയും താത്പര്യങ്ങളെയും ലക്ഷ്യമിട്ട സൈബർ ആക്രമണങ്ങൾ എന്നിവയും തീരുമാനത്തിന് കാരണമായതായി സർക്കാർ അറിയിച്ചു.
വിദേശ ശക്തികളിൽ നിന്ന് രാജ്യത്തിന്റെ സുരക്ഷയും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐആർജിസിയെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. വർഷങ്ങളായുള്ള രാഷ്ട്രീയ-സുരക്ഷാ ചർച്ചകൾക്കൊടുവിലാണ് ബ്രിട്ടൻ ഈ നിർണായക തീരുമാനത്തിലെത്തിയത്.
നേരത്തെ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, സൗദി അറേബ്യ, ബഹ്റൈൻ, ഇസ്രയേൽ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഐആർജിസിക്കെതിരെ സമാന നടപടികൾ സ്വീകരിച്ചിരുന്നു. യൂറോപ്യൻ യൂണിയനും സംഘടനയ്ക്കെതിരെ വിവിധ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഐആർജിസിക്കൊപ്പം മറ്റ് രണ്ട് സംഘടനകളെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്താനും ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടനിലെ യഹൂദ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ദ കമ്പാനിയൻസ് ഓഫ് ദ റൈറ്റ് (IMCR), റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗമായ GRUവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റഷ്യൻ ഫെഡറേഷൻ വോളന്റിയർ കോർ എന്നിവയാണ് പട്ടികയിൽ പുതുതായി ഉൾപ്പെട്ട സംഘടനകൾ.

















































