തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനി എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നു. വീണ സിഎംആർഎല്ലിന് സേവനം നൽകിയെന്നത് തെളിയിക്കുന്ന ഒരു രേഖ പോലും ഹാജരാക്കാൻ കഴിഞ്ഞില്ല.
എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ- വീണയ്ക്ക് മാസം അഞ്ച് ലക്ഷം. അവരുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം.അങ്ങനെ ഒരു മാസം എട്ട് ലക്ഷം. ഒരു വർഷത്തെ കണക്കെടുത്തുനോക്കിയാൽ 96 ലക്ഷം. ആകെ രണ്ട് കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയായിരുന്നു പണം നൽകൽ. 2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1 കോടി 72 ലക്ഷം രൂപ വീണയ്ക്ക് നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇൻകം ടാക്സ് റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. കരിമണൽ കമ്പനി സിഎംആർഎൽ മാത്രമായിരുന്നു എക്സാലോജിക്കിന്റെ പ്രധാന ക്ലൈന്റും വരുമാനമാർഗവും. എക്സാലോജിക്കുമായുളള ഇടപാട് അവസാനിച്ചതിന് ശേഷം സിഎംആർഎൽ ഐടി സേവനങ്ങൾക്കായി എടിഎൻഎ ടെക്നോളജീസ് എന്ന കമ്പനിയുമായി കരാറുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്
അതുപോലെ സിഎംആർഎല്ലിന് യഥാർത്ഥത്തിൽ ഐടി സേവനങ്ങൾ നൽകിയ എടിഎൻഎ ടെക്നോളജീസിന് കിട്ടിയതിനേക്കാൾ 75 മടങ്ങ് അധികം തുക, ഒരു സേവനവും നൽകാതെ വീണ കൈപ്പറ്റിയെന്നാണ് കണ്ടത്തസ്‍. എക്സാലോജിക്കിന്റെ ഐടി ഡെവലപർമാർക്ക് പോലും കരിമണൽ കമ്പനിക്ക് എന്തെങ്കിലും ഐടി സേവനം നൽകിയതായി അറിയില്ല. എസ്എഫ്ഐഒക്ക് മുമ്പാകെ ഹാജരായ വീണയ്ക്ക് സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാനായില്ല.
അതേസമയം ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിൽ എത്തിയത് എന്ന് അവകാശപ്പെടുമ്പോഴും, അതിനും തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പണമിടപാടിനായി അല്ലാതെ ഒരൊറ്റ മെയിൽ സന്ദേശം പോലും ഇരുകമ്പനികൾക്കുമിടയിൽ ഉണ്ടായിട്ടില്ല. ഇതിനൊക്കെ പുറമേയാണ് 2015ലും 2016ലുമായി ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം വായ്പ നൽകിയത്. ഇതിൽ വീണ തിരിച്ചടച്ചത് നാല് ലക്ഷം മാത്രം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ എസ്എഫ്ഐഒ ചുമത്തിയ കമ്പനി കാര്യചട്ടം 447ആം വകുപ്പാണ് ഇഡിയെ ഈ കേസിലേക്ക് എത്തിക്കുന്നത്.
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; ഒരു പവന് ഇന്ന് 560 രൂപ കുറഞ്ഞ് 1,14,440 രൂപ; വെള്ളിയുടെ വിലയിലും ഇടിവ്














































