ന്യൂഡൽഹി: ലഹരി നൽകുന്ന താൽക്കാലികമായ ആനന്ദം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾക്ക് കാരണമാകുമെന്ന് യുവാക്കൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരി ഉപയോഗം ആരോഗ്യത്തെയും ഭാവിയെയും തകർക്കുമെന്ന് ഓർമിപ്പിച്ച അദ്ദേഹം, ലഹരിമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവരെ സമൂഹം പോരാളികളായി കാണണമെന്നും ചേർത്തുപിടിക്കണമെന്നും പറഞ്ഞു.
ലഹരിയിൽനിന്ന് മുക്തി നേടിയവരെ മാറ്റിനിർത്തുന്നതിന് പകരം അവർക്ക് അർഹമായ ബഹുമാനവും അംഗീകാരവും നൽകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഞായറാഴ്ച ‘വികസിത് ഭാരത് സങ്കൽപ് അഭിയാന് വേണ്ടിയുള്ള ലഹരിമുക്ത യുവ’ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾ ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
രാജ്യത്തെ യുവാക്കൾ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ തുടരേണ്ടത് അനിവാര്യമാണെന്നും അതിനായി ലഹരി വസ്തുക്കളിൽനിന്ന് വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയെന്ന് ശത്രുരാജ്യങ്ങൾക്ക് അറിയാമെന്നും അതിനാൽ ഭീകര പദ്ധതികളുടെ ഭാഗമായി മയക്കുമരുന്ന് വിതരണം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘മയക്കുമരുന്ന് കുറച്ചുസമയത്തേക്ക് ഉന്മേഷം നൽകിയേക്കാം, എന്നാൽ അത് മുഴുവൻ കരിയറിനെയും വ്യക്തിജീവിതത്തെയും തകർക്കും. സമൂഹത്തിന്റെ പിന്തുണയിലൂടെയും യോഗയിലൂടെയും ധ്യാനത്തിലൂടെയും ലഹരിയിൽനിന്ന് മുക്തി നേടാൻ കഴിയുമെന്ന് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നു. ലഹരിമുക്തി നേടി തിരിച്ചുവരുന്നവർ പോരാളികളാണ്. സമൂഹം അവരെ ബഹുമാനിക്കുകയും ചേർത്തുനിർത്തുകയും രണ്ടാമതൊരു അവസരം നൽകുകയും വേണം’ മോദി പറഞ്ഞു.
‘നഷാ മുക്ത് യുവ’ കാമ്പയിൻ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനുമുള്ള ദൃഢനിശ്ചയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ യുവാക്കൾ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയുടെ അപകടങ്ങളെക്കുറിച്ച് യുവാക്കൾ ബോധവാന്മാരാകണമെന്നും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും മോദി അഭ്യർത്ഥിച്ചു. അടുത്ത 100 ആഴ്ചകളിൽ എല്ലാ ഞായറാഴ്ചയും കല, സംസ്കാരം, കായികം, ധ്യാനം, ആത്മീയത, സേവനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലഹരിവിരുദ്ധ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ലഹരി ഉപയോഗം ശരീരത്തെ മാത്രമല്ല, കുടുംബത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മക്കളുടെ ലഹരി ഉപയോഗം സാമൂഹിക അന്തസ്സിനെ ഭയന്ന് മറച്ചുവയ്ക്കരുതെന്നും കുടുംബാംഗങ്ങൾ അവരോട് തുറന്ന് സംസാരിക്കുകയും ആവശ്യമായ വിദഗ്ധ സഹായവും ചികിത്സയും തേടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാർ യുവാക്കൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും മയക്കുമരുന്ന് കടത്തുകാർക്കെതിരെ രാജ്യത്തുടനീളം ശക്തമായ നടപടി തുടരുകയാണെന്നും മോദി വ്യക്തമാക്കി. യുവാക്കളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുകയും സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവരാക്കി മാറ്റുകയും ചെയ്യുകയാണ് ‘നഷാ മുക്ത് യുവ’ കാമ്പയിന്റെ ലക്ഷ്യം.


















































