പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് എട്ടിനാണ് രണ്ടിടങ്ങളിലായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി സുനീഷ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീകൾ ബഹളംവെച്ചതോടെ ആളുകൾ കൂടിയതിനെ തുടർന്ന് ഇയാൾ രണ്ടിടത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സുനീഷ് എറണാകുളം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം കുറുപ്പമ്പടിയിൽനിന്ന് ശനിയാഴ്ച വൈകീട്ട് ഇയാളെ പിടികൂടിയത്. സുനീഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് സുനീഷ് തമിഴ്നാട്ടിൽ മോഷണക്കേസിലെ ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.






