സ്ത്രീകൾ വീടിനുള്ളിൽ അടങ്ങിയിരിക്കേണ്ടവരാണെന്ന് ഇസ്‌ലാമിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയോട് എസ്ഡിപിഐ ഒരിക്കലും യോജിക്കുന്നില്ലെന്നും എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി യാസ്മിൻ ഫാറൂഖി പറഞ്ഞു. സ്ത്രീകളെ ആഭരണങ്ങൾ പോലെ വീടിനുള്ളിൽ അടച്ചിടണമെന്ന വാദം തികച്ചും തെറ്റാണ്. ഇസ്‌ലാമിന്റെ പേരിലാണ് ഇത്തരമൊരു പരാമർശം നടത്തുന്നതെങ്കിൽ അതിനെ അംഗീകരിക്കാനാകില്ല. മതത്തിൽ എവിടെയും സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടണമെന്ന് പറഞ്ഞിട്ടില്ല.
എല്ലാവർക്കും അവരുടേതായ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാൽ മതത്തിൽ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് അവർ വ്യക്തമാക്കി. ഇസ്‌ലാമിക ചരിത്രത്തിൽ സ്ത്രീകൾ വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ചും യാസ്മിൻ ഫാറൂഖി സംസാരിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ആദ്യ ഭാര്യയായ ഖദീജ വലിയൊരു ബിസിനസുകാരിയായിരുന്നു എന്ന് അവർ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിലെ ആദ്യ അഭിഭാഷകയായി കണക്കാക്കപ്പെടുന്ന നുസൈബ ബിൻത് കഅ്ബ്, ദൈവം പുരുഷന്മാരോട് മാത്രമാണോ സ്ത്രീകളോടും സംസാരിക്കാറില്ലേ എന്ന് പ്രവാചകനോട് നേരിട്ട് ചോദിക്കാൻ ധൈര്യം കാണിച്ച വനിതയാണ്.
അതുപോലെ, ലോകത്തെ ഏറ്റവും വലിയ സർവകലാശാലകളിലൊന്ന് മൊറോക്കോയിൽ സ്ഥാപിച്ചത് ഫാത്തിമ അൽ ഫിഹ്‌രി എന്ന സ്ത്രീയായിരുന്നു. ഈ ചരിത്ര യാഥാർഥ്യങ്ങൾ മനസിലാക്കാതെയാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നതെന്ന് അവർ വിമർശിച്ചു. കാന്തപുരത്തിന്റേത് ഒരു പണ്ഡിതന്റെ അഭിപ്രായപ്രകടനം മാത്രമാണെന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ വാദവും യാസ്മിൻ തള്ളി. ഓരോ പാർട്ടിക്കും അവരുടേതായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാകാമെന്ന് അവർ പറഞ്ഞു. എന്നാൽ എസ്ഡിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടാണ് താൻ വ്യക്തമാക്കുന്നതെന്നും, എസ്ഡിപിഐ ഈ പ്രസ്താവനയെ പരസ്യമായി എതിർക്കുന്നുവെന്നും ഒരു കാരണവശാലും ഇതിനെ അംഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു.






