പുതുച്ചേരി: ബിരിയാണിയിൽ ചത്ത ഈച്ചയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്ററന്റിന് വൻ പിഴയും അപൂർവ ശിക്ഷയും വിധിച്ച് ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവിലേക്ക് 3,000 രൂപയും നൽകാനാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
ഇതിനുപുറമേ, പരാതിക്കാരന് അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനും കോടതി നിർദേശിച്ചു. പുതുച്ചേരിയിലെ ബിരിയാണി ആൻഡ് കോ എന്ന റസ്റ്ററന്റിനെതിരെയാണ് കോടതിയുടെ നടപടി. മോശം ഭക്ഷണം വിളമ്പുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് എസ്. മുത്തുവേൽ , എ.എസ്. സുവിത, ജി. അറുമുഖം എന്നിവരടങ്ങിയ കമ്മീഷൻ നിരീക്ഷിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2025 ഡിസംബർ എട്ടിനാണ് പരാതിക്കാരനായ പി. സുന്ദരകുമാര മണികണ്ഠനും സുഹൃത്തും റസ്റ്ററന്റിൽ നിന്ന് ബിരിയാണി കഴിച്ചതും അതിൽ ചത്ത ഈച്ചയെ കണ്ടെത്തിയതും. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്ന് ആരോപിച്ച് മണികണ്ഠൻ 1,30,000 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസ്റ്ററന്റിന് നിയമപരമായ നോട്ടീസ് അയച്ചു. എന്നാൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.














































