കൊൽക്കത്ത: അഴിമതിയും പാർട്ടി നേതൃത്വത്തിന്റെ അവഗണനയും മൂലം വർഷങ്ങളായി തൃണമൂൽ കോൺഗ്രസിനുള്ളിൽ പുകയുന്ന അസംതൃപ്തിയാണ് ഇപ്പോഴത്തെ പിളർപ്പിലേക്ക് നയിച്ചതെന്ന് മുതിർന്ന നേതാവും നടിയും എംപിയുമായ ശതാബ്ദി റോയ്. 2009 മുതൽ മമത ബാനർജിയുടെ വിശ്വസ്തയായി രാഷ്ട്രീയയാത്ര തുടരുന്ന നാല് തവണ എംപിയായ ശതാബ്ദി, പാർട്ടി വിടാനുള്ള കാരണങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
‘‘ദീദി ഒരുപാട് മാറിപ്പോയി. മമതയോട് എനിക്ക് വൈകാരികമായ ബന്ധമുണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുക എന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്. അതുകൊണ്ടാണ് പാർട്ടി വിടാൻ തീരുമാനിച്ചത്’’ – ശതാബ്ദി റോയ് പറഞ്ഞു.
ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വിമത എംപിമാരുടെ ഡപ്യൂട്ടി ലീഡറായി കഴിഞ്ഞ ദിവസമാണ് ശതാബ്ദിയെ തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിനെതിരായ കടുത്ത വിമർശനവുമായി അവർ രംഗത്തെത്തിയത്.
പാർട്ടിക്കുള്ളിൽ തങ്ങളുടെ ശബ്ദം കേൾക്കാൻ ആരും തയ്യാറായിരുന്നില്ലെന്ന് ശതാബ്ദി ആരോപിച്ചു. മമത ബാനർജിയെ നേരിട്ട് കാണാൻ ഏതാനും നേതാക്കൾക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നതെന്നും പ്രധാന തീരുമാനങ്ങളിൽ മറ്റുള്ളവരെ പങ്കാളികളാക്കിയിരുന്നില്ലെന്നും അവർ പറഞ്ഞു. സംസ്ഥാന മന്ത്രിമാർ പോലും എംപിമാരുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും, അഭിപ്രായം പറയാൻ ശ്രമിച്ചാൽ മിണ്ടാതിരിക്കാൻ നിർദേശിക്കുകയായിരുന്നു പതിവെന്നും അവർ ആരോപിച്ചു.
തൃണമൂൽ കോൺഗ്രസിൽ താഴെത്തട്ടുമുതൽ മുകൾത്തട്ടുവരെ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നും ഈ സാഹചര്യം തന്നെ ഏറെ നിരാശപ്പെടുത്തിയെന്നും ശതാബ്ദി റോയ് പറഞ്ഞു. കറപുരണ്ട പ്രതിച്ഛായ വെളുപ്പിച്ചെടുക്കാൻ പാർട്ടിയുടെ പിന്തുണ ആവശ്യമുള്ള നേതാവല്ല താനെന്നും തന്റെ പൊതുജീവിതം എല്ലായ്പ്പോഴും സുതാര്യമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പാർട്ടി ശക്തമായിരുന്ന കാലത്ത് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, കാര്യങ്ങളുടെ യഥാർഥ ചിത്രം ഇപ്പോഴാണ് പൂർണമായി വ്യക്തമായതെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് ഈ ഘട്ടത്തിൽ തീരുമാനം എടുത്തതെന്നും ശതാബ്ദി റോയ് മറുപടി നൽകി.
വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്















































