കാസർകോട്: ചന്തേരയിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിന് പിന്നാലെ ബാർബർ ഷോപ്പിന് നേരെ ആക്രമണം. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടും അജ്ഞാതസംഘം നശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് മുടി മുറിക്കാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അതിഥിത്തൊഴിലാളിയായ 17-കാരനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പിതാവിനൊപ്പമാണ് കുട്ടി ബാർബർ ഷോപ്പിലെത്തിയത്.
മുടിമുറിക്കാനിരുത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. കുട്ടി ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്നവർ സ്ഥലത്തെത്തി. തുടർന്ന് കുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇതിനുപിന്നാലെയാണ് ബാർബർ ഷോപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.














































