സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക പിരിവുകൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി രേണു സുധി. തന്റെ അറിവോ സമ്മതത്തോടുകൂടിയോ അല്ല ഇത്തരം പിരിവുകൾ നടക്കുന്നതെന്നും, ദയവുചെയ്ത് തന്റെ പേരിൽ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി. കാൻസർ രോഗബാധയെത്തുടർന്ന് നിലവിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളിലൂടെയും കഠിനമായ ചികിത്സയിലൂടെയുമാണ് താൻ കടന്നുപോകുന്നതെന്ന് രേണു വെളിപ്പെടുത്തി.
രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാൽ ഇതിനായി ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ല. സഹായിക്കാൻ താല്പര്യമുള്ളവർ തന്റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു. ‘‘എന്റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.’’– രേണു സുധി പറഞ്ഞു.

















































