തിരുവനന്തപുരം: ആദ്യം വീട്ടിൽ കയറ്റി തല്ലാനുള്ള വഴിയൊരുക്കിക്കൊടുക്കുക, പിന്നാലെ കൂടെക്കൂട്ടണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുക, രമ്യ ഹരിദാസിന്റെ ലക്ഷ്യമെന്തെന്നാണെന്ന സംശയത്തിലാണ് പ്രാദേശിക നേതാക്കൾ. അതും പാർട്ടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത ഒരാളെ… ചിറയൻകീഴ് വിവാദങ്ങൾക്കിടെ പാളയം പ്രദീപിനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ നീക്കം നടത്തിയതിൽ നിലവിൽ പ്രാദേശിക നേതാക്കൾക്കിടയിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ മുന്നോട്ട് പോയാൽ പ്രതിഷേധം കടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകിയത്. എന്നാൽ രമ്യയുടെ കത്ത് അപ്പോൾ തന്നെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മടക്കി.
ചിറയിൻകീഴിൽ തമ്മിൽ തല്ല് നടന്ന ദിവസത്തെ തീയതിയിൽ തയ്യാറാക്കിയ കത്ത് ഇന്നലെയാണ് നിയമസഭയിൽ എത്തിയത്. മെയ് 21 മുതൽ മുൻകാലപ്രാബല്യത്തിൽ നിയമിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. അതേസമയം മുൻകാല പ്രാബല്യത്തിൽ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചത്. ഇതോടെയാണ് കത്ത് മടക്കിയത്. രമ്യ വീണ്ടും ഇക്കാര്യമാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം ചിറയൻകീഴിലെ സംഘർഷത്തിൽ എംഎൽഎക്ക് എതിരെ നടപടി ഉണ്ടാകില്ല. അന്വേഷണ കമ്മീഷന് മുന്നിൽ രമ്യ മൊഴി നൽകാത്തതിനാൽ അന്തിമ റിപ്പോർട്ട് കെപിസിസിക്ക് കൈമാറിയിട്ടില്ല. രമ്യയുടെ മൊഴിയെടുത്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ പാർട്ടി തീരുമാനമുണ്ടാകുക.
വെള്ളിയാഴ്ച രാത്രിയായിരുന്നു ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തിൽ പങ്കെടുക്കുകയും ചില കരാറുകാർക്ക് നിർദ്ദേശം നൽകുകയും ചെയ്തതിൽ പ്രാദേശിക തലത്തിൽ എതിർപ്പ് ഉണ്ടായിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ആയ സജാദ് ഗ്രൂപ്പിൽ സന്ദേശം അയക്കുകയായിരുന്നു.
പിന്നാലെ രാത്രി രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നും സജാദ് ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. തർക്കം കയ്യാങ്കളിയിലേക്കു നീങ്ങിയതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു.






