കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജിലെ ബി.കോം. വിദ്യാർഥി സനീഷ് (20) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തേ അറസ്റ്റിലായ എസ്. ശ്രീഹരി അധ്യാപകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അഞ്ചംഗ ടെലഗ്രാം ഗ്രൂപ്പിൽ പങ്കുവെച്ചത് സനീഷ് മറ്റ് മാസ് ഗ്രൂപ്പുകളിലേക്കും പണം നൽകി അംഗങ്ങളാകുന്ന ‘പെയ്ഡ്’ ഗ്രൂപ്പുകളിലേക്കും കൈമാറിയതായാണ് കണ്ടെത്തൽ. ഇതോടെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതെന്നും വ്യക്തമായി.
അധ്യാപകരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് തയ്യാറാക്കിയതിനു പിന്നിൽ ആരൊക്കെയുണ്ടെന്നും ചിത്രങ്ങൾ പിന്നീട് ഏതെല്ലാം ഗ്രൂപ്പുകളിലേക്ക് കൈമാറിയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്. സ്ത്രീകളുടെ യഥാർഥ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള അശ്ലീല സ്വഭാവമുള്ള ഉള്ളടക്കങ്ങൾ സനീഷ് വിവിധ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചിത്രങ്ങൾ കൈവശമുണ്ടെന്നും, പണം നൽകിയാൽ ലഭ്യമാക്കാമെന്ന് ഇയാൾ അറിയിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇതോടെ മോർഫിങ് ചിത്രങ്ങളുടെ പ്രചാരണം മാത്രമല്ല, സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള ഇടപാടുകളും നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ‘പെയ്ഡ്’ ടെലഗ്രാം ഗ്രൂപ്പുകളിലേക്കാണ് മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ കൈമാറിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഈ ഗ്രൂപ്പുകളുടെ അഡ്മിൻമാരുമായും അംഗങ്ങളുമായും പ്രതികൾക്കുണ്ടായിരുന്ന ബന്ധവും അന്വേഷിക്കുന്നുണ്ട്. ഗ്രൂപ്പുകളിൽ പ്രചരിച്ച മുഴുവൻ ഉള്ളടക്കവും മോർഫ് ചെയ്തതല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സ്ത്രീകളുടെ അനുമതിയില്ലാതെ അനുചിതമായ ദൃശ്യകോണുകളിൽനിന്ന് പകർത്തിയ യഥാർഥ ചിത്രങ്ങളും വീഡിയോകളും വരെ പ്രചരിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലേക്ക് കൈമാറിയിരുന്നതായും കണ്ടെത്തി. നിലവിലെ അന്വേഷണത്തിൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഭാരത്‌മാതാ കോളേജിലെ രണ്ടു അധ്യാപികമാരുടേതുൾപ്പെടെയുള്ള ചിത്രങ്ങൾ മോർഫ് ചെയ്തതായാണ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ശ്രീഹരിയുടെയും സനീഷിന്റെയും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ഡിലീറ്റ് ചെയ്ത ഫയലുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനും വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായുള്ള ബന്ധം കണ്ടെത്തുന്നതിനുമാണ് ശ്രമം. കേസുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പ് നിലവിൽ ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ അവശിഷ്ടങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പിലെ അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ പങ്കും പരിശോധിക്കുന്നുണ്ട്.






