തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി മുടങ്ങി. കേരള സമുദ്ര മിഷൻ സംഘടിപ്പിച്ച മിഷൻ സമുദ്ര മാരിടൈം കോൺക്ലേവ് പരിപാടിക്കിടെയായിരുന്നു സംഭവം. വൈകിട്ട് ഏഴ് മണിയോടെയാണ് വേദിയിലെ മൈക്ക് ഓഫായത്. ഇതോടെ സംഘാടകർ എഴുന്നേറ്റപ്പോൾ, ഇരിക്കാൻ മുഖ്യമന്ത്രി കൈകൊണ്ട് ആംഗ്യം കാണിച്ചു. തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് പരിപാടി പുനരാരംഭിച്ചത്. ഏകദേശം അഞ്ച് മിനിറ്റോളം മുഖ്യമന്ത്രി കാത്തുനിന്നു.
“സംഘാടകർക്ക് ടെൻഷനാവും. ടെൻഷനാവാതെ അവിടെ ഇരിക്കാനാണ് ഞാൻ പറഞ്ഞത്. ഓടുന്ന വണ്ടിയിൽ കയറി നമ്മൾ ഓടിയിട്ട് കാര്യമില്ല. വണ്ടി നിർത്തുമ്പോഴേ നമുക്ക് ഇറങ്ങാൻ പറ്റൂ. കറന്റ് വന്നാലേ സംസാരിക്കാൻ പറ്റുകയുള്ളൂ. വെറുതെ ടെൻഷനായിട്ട് കാര്യമില്ല”; അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. മുൻവർഷത്തെക്കാൾ വൈദ്യുതി ഉപയോഗം വർധിക്കുകയും ആഭ്യന്തര ഉൽപാദനം കുറയുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുത വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി തിരിച്ചുനൽകേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കി.
എസി, അലങ്കാര വിളക്കുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി രാത്രികാലങ്ങളിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വൈദ്യുതി മുടക്കം അനുഭവപ്പെട്ടിട്ടുണ്ട്. പീക്ക് സമയങ്ങളിലായിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടാകുകയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും പ്രതിസന്ധിക്ക് കാരണമായെന്നാണ് കെ.എസ്.ഇ.ബി.യുടെ വിശദീകരണം.
വൈദ്യുതി മുടക്കിനെ തുടർന്ന് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് എ.എ. റഹീം എം.പി. രംഗത്തെത്തി. ‘വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം’ എന്ന അടിക്കുറിപ്പോടെ മെഴുകുതിരിയുടെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദും സംഭവത്തെ പരിഹസിച്ചു. ‘ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ല. പവർകട്ടിന്റെ പുതുയുഗ നിർവചനം!’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തുമെന്ന് പറയുന്ന ജഗതി ശ്രീകുമാറിന്റെ പ്രശസ്ത സിനിമാ ഡയലോഗിനോട് സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രമാണെന്നും ശിവപ്രസാദ് കുറിച്ചു.

















































