കൊല്ലം: ചടയമംഗലത്ത് വീട്ടുകാർ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിക്ക് സമയോചിതമായ ഇടപെടലിലൂടെ രക്ഷകരായി ചടയമംഗലം പോലീസ്. മുറിക്കുള്ളിൽ അബോധാവസ്ഥയിലായ പെൺകുട്ടിക്ക് കൃത്യസമയത്ത് പ്രാഥമിക ജീവൻരക്ഷാ മാർഗ്ഗമായ സിപിആർ (CPR) നൽകിയാണ് പോലീസ് സംഘം ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
ഫോൺ മാറ്റിവെച്ചതിനെ തുടർന്ന് പെൺകുട്ടി മുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ പോലീസ്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ കുട്ടിയുടെ അവസ്ഥ മനMFലാക്കി ഉടൻതന്നെ സിപിആർ നൽകുകയായിരുന്നു. ചടയമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐ മനോജ്, ഹോം ഗാർഡ് ജ്യോതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തു.






