തിരുവനന്തപുരം: പിഎസ്‍സി നിയമനത്തട്ടിപ്പിൽ പ്രതികരണവുമായി പിണറായി വിജയൻ. പിഎസ്‍സിയെ തകർക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും, ഇപ്പോഴുള്ള നീക്കം ആ അജണ്ടയുടെ ഭാഗമാണോയെന്ന് സംശയിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രമക്കേടുകളിൽ പിഎസ്‍സി തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയമനങ്ങൾക്ക് തടസം വരുത്തുക, അതിനായി പിഎസ്‍സിയുടെ കാര്യക്ഷമതയും ദുർബലപ്പെടുത്തുക എന്നതാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം.
വിഷയത്തിൽ യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ല. അവർ വിഷയത്തിൽ അന്വേഷണം നടത്തുകയും തുടർനടപടികൾ എടുത്തുകൊണ്ടിരിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസ്‍സി നിയമന തട്ടിപ്പ് ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിൽ നടന്നു വരികയാണ്. എസ്‍പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ്, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികളുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് പിഎസ്‍സി തുറന്നു സമ്മതിച്ചിരുന്നു.10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്‌സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്ന നിലപാടിലാണ് സർക്കാർ. ഇല്ലെങ്കിൽ വസ്തുതകൾ പുറത്തുവരില്ല എന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിലുണ്ട്.


















































