കോയമ്പത്തൂർ: മധ്യവയസ്കന്റെ കൊലപാതകത്തിൽ മകന്റെ സുഹൃത്ത് അറസ്റ്റിൽ. സിംഗനല്ലൂരിന് സമീപത്തെ നീലിക്കോണംപാളയം അണ്ണാനഗർ സ്വദേശിയായ എസ്. മണികണ്ഠൻ (45) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയാണ് പിടിയിലായത്. മകനുമായി സൗഹൃദം തുടരരുതെന്ന് പറഞ്ഞതിനുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായത്.
പെയിന്റിങ് തൊഴിലാളിയായിരുന്ന മണികണ്ഠന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മണികണ്ഠന്റെ ഇളയമകനും പ്രതിയായ കൗമാരക്കാരനും അടുത്ത സുഹൃത്തുക്കളായിരുന്നു. പത്താം ക്ലാസിന് ശേഷം പഠനം നിർത്തിയ പ്രതി ചെറിയ ജോലികൾ ചെയ്തുവരികയായിരുന്നു. മദ്യപാന ശീലമുള്ള ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് മണികണ്ഠൻ മകനോട് പലതവണ പറഞ്ഞിരുന്നു. വ്യാഴാഴ്ച വൈകിട്ട് മകനെ കാണാനെത്തിയ പ്രതിയെ മണികണ്ഠൻ വീണ്ടും താക്കീത് ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തർക്കം രൂക്ഷമായതോടെ പ്രകോപിതനായ പ്രതി മണികണ്ഠനെ തള്ളിയിട്ട ശേഷം സമീപത്ത് കിടന്ന കല്ലെടുത്ത് തലയിൽ പലതവണ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിംഗനല്ലൂർ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് റിമാൻഡ് ചെയ്തു.

















































